പാലോട് രവിക്കെതിരെ പരാതിയുമായി ബിജെപി നേതാവ്; പറ്റിയ തെറ്റ് അപ്പോൾ തന്നെ തിരുത്തിയെന്ന് കോൺഗ്രസ്
Published : Mar 1, 2024, 7:23 PM IST
തിരുവനന്തപുരം : സമരാഗ്നിയുടെ സമാപന സമ്മേളന വേദിയിൽ ദേശീയ ഗാനം തെറ്റിച്ച് പാടിയ ഡിസിസി പ്രസിഡന്‍റ് പാലോട് രവിക്കെതിരെ ബിജെപി ജില്ല വൈസ് പ്രസിഡന്‍റ് ആർ എസ് രാജീവ് സിറ്റി പൊലീസ് കമ്മിഷണർക്ക് പാരാതി നൽകി. എന്നാൽ മനഃപൂർവമായ പിഴവല്ല അതെന്നും തെറ്റ് അവിടെ തന്നെ തിരുത്തപ്പെട്ടുവെന്നും കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് പറഞ്ഞു. ബിജെപിക്ക് ഇത് രാഷ്ട്രീയമായിരിക്കും. എന്നാൽ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകുക എന്ന ദേശീയ ബോധമാണ് തങ്ങൾക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിണിത പ്രജ്ഞനും എംഎൽഎയുമൊക്കെയായിരുന്ന ഒരു വ്യക്തിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ മൈക്ക് സ്റ്റാൻഡിൽ താളം പിടിച്ചും തെറ്റായ ദേശീയ ഗാനം ആലപിച്ചത് ബോധപൂർവമാണെന്നേ കാണുന്നവർക്ക് മനസിലാക്കാൻ സാധിക്കുവെന്നും വിഷയത്തിൽ മേൽനടപടികൾ സ്വീകരിക്കണമെന്നും ആർ എസ് രാജീവ് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. പരിപാടി അവസാനിച്ചതിന് ശേഷമായിരുന്നു പാലോട് രവി ആദ്യ വരി തെറ്റിച്ച് പാടിയത്. 'ജനഗണ മന മംഗളദായക' എന്നായിരുന്നു പാടിയത്. ഉടൻ തന്നെ അടുത്തുനിന്ന ടി സിദ്ദിഖ് എംഎൽഎ ഇടപെട്ടാണ് അദ്ദേഹത്തെ തിരുത്തിയത്.