കോഴിക്കോട് : സ്വർണ്ണ വ്യാപാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. കൊടുവള്ളിക്ക് സമീപം മുത്തമ്പലത്താണ് സംഭവം. മുത്തമ്പലം സ്വദേശി ബൈജുവിന്‍റെ കൈയിലുണ്ടായിരുന്ന രണ്ട് കിലോ സ്വർണമാണ് കവർന്നത്.
ഇന്നലെ (27-11-2024) കട അടച്ച ശേഷം രാത്രി പതിനൊന്ന് മണിയോടെ സ്‌കൂട്ടറിൽ പോവുകയായിരുന്നു ബൈജു. ഓമശ്ശേരി കൊടുവള്ളി റോഡിൽ ഓതയോത്ത് വെച്ച് അക്രമി സംഘം കാറിലെത്തി ബൈജുവിന്‍റെ സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ സ്വർണം കൈക്കലാക്കുകയായിരുന്നു. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വർണ്ണ വില്‍പ്പനയ്‌ക്കൊപ്പം സ്വർണ്ണപ്പണി കൂടി ചെയ്യുന്ന വ്യക്തിയാണ് ബൈജു. മറ്റ് പലരും ആഭരണങ്ങൾ നിർമ്മിക്കുന്നതിനായി കൈമാറിയ സ്വർണവും തന്‍റെ പക്കലുണ്ടായിരുന്നു എന്നാണ് ബൈജു പോലീസിന് നൽകിയ മൊഴി.
സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ ഭാഗത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ആക്രമണത്തില്‍ ബൈജുവിന് പരിക്കേറ്റിട്ടുണ്ട്.