സർക്കാരിന്‍റെ കയ്യിൽ ഒന്നിനും കാശില്ല ; സർക്കാർ നിശ്ചലമായി നിൽക്കുകയാണ് : പി കെ കുഞ്ഞാലിക്കുട്ടി - പി കെ കുഞ്ഞാലിക്കുട്ടി
Published : Jan 24, 2024, 4:47 PM IST
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഡിഎഫ് ഉഭയകക്ഷി ചർച്ചയുടെ ആദ്യ റൗണ്ട് കഴിഞ്ഞശേഷം ലീഗിന്‍റെ തീരുമാനം അറിയിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി (Lok sabha Election). ഉഭയകക്ഷി ചർച്ച ആരംഭിച്ചിട്ടുണ്ട്. യുഡിഎഫുമായി ആദ്യ റൗണ്ട് ചർച്ച കഴിഞ്ഞതിനു ശേഷമേ പാർട്ടിയുടെ കാര്യങ്ങൾ പറയാൻ കഴിയുവെന്നും, തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ ലോക്കൽ ഗവണ്‍മെന്‍റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് ജനപ്രതിനിധികൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ സമ്മേളനത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും. സർക്കാരിന്‍റെ കയ്യിൽ ഒന്നിനും കാശില്ല. പ്രവർത്തിക്കാനും പറ്റുന്നില്ല. സർക്കാർ നിശ്ചലമായി നിൽക്കുകയാണെന്നും, അത് നിയമസഭയിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ഫണ്ട് വാങ്ങി എടുക്കേണ്ട ആദ്യ ചുമതല സംസ്ഥാനത്തിന്‍റെതാണ്. അതിൽ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ട്രഷറി നിയന്ത്രണം പിൻവലിക്കുക, കെട്ടിട നികുതി പെർമിറ്റ് ഫീസ് വർധന പിൻവലിക്കുക, 5 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം തിരിച്ചുപിടിക്കുന്ന നടപടി അവസാനിപ്പിക്കുക, തീരദേശ മേഖലയിലെ കെട്ടിട നിർമ്മാണ പ്രതിസന്ധി പരിഹരിക്കുന്നതിന് തീരപരിപാലന പ്ലാൻ ഉടൻ പ്രാബല്യത്തിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോക്കൽ ഗവണ്‍മെന്‍റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന കമ്മിറ്റി മാർച്ച് നടത്തിയത്.