മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന, ഇത്തവണ ഭീതി സൃഷ്‌ടിക്കുന്നത് കട്ടക്കൊമ്പന്‍ - Munnar wild tusker Kattakomban
Published : Mar 13, 2024, 1:35 PM IST
ഇടുക്കി : നാടിനെ വിറപ്പിച്ച് മൂന്നാർ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. മൂന്നാർ സെവൻമല എസ്റ്റേറ്റ് പാർവതി ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത്. ഇന്ന് (13.03.2024) രാവിലെ എട്ടു മണിയ്ക്കാണ് കാട്ടാന ജനവാസ മേഖലയായ സെവൻമല എസ്റ്റേറ്റിൽ എത്തിയത്. കട്ടക്കൊമ്പൻ എന്ന വിളിപ്പേരുള്ള കൊമ്പനാണ് എസ്റ്റേറ്റിലെ ലയങ്ങൾക്ക് മുമ്പിൽ നിലയുറപ്പിച്ചത് (Munnar wild tusker Kattakomban). എസ്റ്റേറ്റിൽ ഉള്ളവർ ജോലിക്ക് പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് കൊമ്പൻ ലയങ്ങൾക്കു മുമ്പിൽ എത്തിയത്. കുട്ടികൾ സ്‌കൂളുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വേളയിൽ ആന എത്തിയത് മാതാപിതാക്കളെ ആശങ്കയിലാക്കി. ജനവാസ മേഖലയിൽ എത്തുന്ന വന്യജീവികളെ തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലും വന്യജീവി ആക്രമണം രൂക്ഷമാവുകയാണ്. വന്യജീവികളെ തടയാൻ സർക്കാർ നിയോഗിച്ച ആർ ആർ ടി ടീമിന്‍റെ സേവനം ലഭ്യമായ അവസരത്തിലും വന്യജീവികൾ ജനവാസ മേഖലകളിൽ എത്തി സ്വൈര്യ വിഹാരം നടത്തുകയാണ് എന്നും പരാതിയുണ്ട്. പകൽ നേരങ്ങളിൽ പോലും ജനവാസ മേഖലകൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.