ചിന്നക്കനാൽ ഭൂമി ഇടപാട് : ഹിയറിങ്ങിന് ഹാജരാകാന്‍ സമയം അനുവദിക്കണമെന്ന് മാത്യു കുഴൽനാടൻ - മാത്യു കുഴൽനാടൻ എംഎൽഎ
Published : Feb 8, 2024, 4:26 PM IST
ഇടുക്കി: ചിന്നക്കനാൽ ഭൂവിഷയത്തിൽ ഹിയറിങ്ങിന് ഹാജരാകുന്നതിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ അപേക്ഷ നൽകി. കെപിസിസിയുടെ ജാഥയും മറ്റ് മീറ്റിംഗുകളും ചൂണ്ടിക്കാണിച്ച് ഒരു മാസത്തെ അധിക സമയം അനുവദിക്കണമെന്നാണ് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടത്. അപേക്ഷ പരിഗണിക്കുമെന്ന് റവന്യൂ അധികൃതർ വ്യക്തമാക്കി. ചിന്നക്കനാലിൽ റിസോർട്ട് ഭൂമി കൂടാതെ 50 സെന്‍റോളം സർക്കാർ ഭൂമി അനധികൃതമായി കൈവശംവച്ചിട്ടുണ്ടെന്ന് കാണിച്ചാണ് കഴിഞ്ഞ ഇരുപത്തിയേഴാം തീയതി റവന്യൂ വകുപ്പ് മാത്യു കുഴൽനാടനെതിരെ കേസെടുത്തത്. തുടർന്ന് ഇന്ന് ലാൻഡ് റവന്യൂ തഹസിൽദാർക്ക് മുന്നിൽ ഹിയറിങ്ങിന് ഹാജരാകുവാൻ നിർദ്ദേശം നൽകി നോട്ടീസ് അയച്ചിരുന്നു. എന്നാൽ നോട്ടീസ് പ്രകാരം നേരിട്ട് ഹാജരാകുവാൻ കഴിയില്ല എന്നും ഒരു മാസത്തെ സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ലാൻഡ് റവന്യൂ തഹസിൽദാർക്ക് അപേക്ഷ സമർപ്പിച്ചു. കുഴൽനാടന്‍റെ കയ്യേറ്റ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ തുടർ നടപടികൾ അപേക്ഷ പ്രകാരമുള്ള കാലാവധി അവസാനിച്ചതിനുശേഷം ആയിരിക്കും ഉണ്ടാവുക. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് മാത്യു കുഴല്‍നാടന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രതികരണം.