'കേന്ദ്ര ബജറ്റ് പ്രതീക്ഷകള്‍ തകിടം മറിച്ചു, കേരള ബജറ്റ് സാധാരണക്കാരന് വേണ്ടിയുള്ളതാകും':എംഎ ബേബി
Published : Feb 1, 2024, 5:58 PM IST
കാസർകോട്: പ്രതീക്ഷകളെല്ലാം തകിടം മറിച്ച് എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റ് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എംഎ ബേബി.അംബാനി അദാനി പോലുള്ളവർക്ക് നിരാശയുണ്ടാവില്ലെന്നും അവർക്ക് വേണ്ടി കരാർ പണി എടുത്ത് നൽകാന് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎ ബേബി. ജനങ്ങളെ പറ്റിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുവന്ന കാര്യങ്ങൾ ഈ ബജറ്റിലും കാണാനായി. സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചിട്ടില്ല. സ്ഥിതി വിവരക്കണക്കുകൾ നിരത്തി വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യ വിറ്റ കേന്ദ്ര സർക്കാർ സ്വകാര്യ കമ്പനികൾ ആയിരം വിമാനം വാങ്ങുന്നത് ബജറ്റിൽ നേട്ടമായി അവതരിപ്പിക്കുകയാണ്. കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ല. കേന്ദ്രത്തിന് സ്വന്തമായ സാമ്പത്തിക വ്യവസ്ഥയുണ്ടെന്നും എംഎം ബേബി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് കടമെടുപ്പിന് ഉള്‍പ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കേന്ദ്രം ഈ നിയമമൊന്നും പാലിക്കുന്നില്ല. കേന്ദ്രത്തിൻ്റെ തടസം മൂലം കടുത്ത സാമ്പത്തിക കെടുതി അനുഭവിക്കുന്ന സർക്കാരാണ് കേരളത്തിലേത്. പരിമിതിക്കുള്ളിൽ നിന്ന് സാധാരണക്കാരന് വേണ്ടി സാധ്യമാവുന്നതെല്ലാം ചെയ്യുന്ന ബജറ്റായിരിക്കും കേരള സർക്കാർ അവതരിപ്പിക്കുന്നതെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.