LIVE : അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്‌ഠ ; തത്സമയം - അയോധ്യ രാമക്ഷേത്രം
Published : Jan 22, 2024, 9:18 AM IST
|Updated : Jan 22, 2024, 2:52 PM IST
അയോധ്യ : അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. വിഗ്രഹത്തിലേക്ക് പ്രാണനെ സന്നിവേശിപ്പിക്കുന്ന താന്ത്രിക കര്‍മ്മമായാണ് പ്രാണപ്രതിഷ്‌ഠ വിശ്വസിക്കപ്പെടുന്നത്. മൂലമന്ത്രം ചൊല്ലിയാണ് ഇത് നിര്‍വഹിക്കുന്നത്. കേവലം 84 സെക്കന്‍റ് മാത്രമാണ് പ്രാണപ്രതിഷ്‌ഠയ്ക്കുള്ള ശുഭമുഹൂര്‍ത്തമുള്ളത്.വിശ്വാസമനുസരിച്ച് രാമന്‍ ജനിച്ചത് ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞാണ്. അതിനാല്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത് 11.30 മുതല്‍ 12.30 വരെയുള്ള സമയത്താണ്. പ്രാണപ്രതിഷ്‌ഠയ്ക്കുള്ള മുഹൂര്‍ത്തം 12.29.08നും 12.30.32നും ഇടയിലാണ്. ഇത് നടക്കുമ്പോള്‍ ഗര്‍ഭഗൃഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്‌മികാന്ത് ദീക്ഷിത് ചടങ്ങിന് നേതൃത്വം നല്‍കും. രാവിലെ 10.20 ന് അയോധ്യയിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി 10.50ന് ക്ഷേത്രത്തിലെത്തും. രാമേശ്വരത്തെ 22 ക്ഷേത്രങ്ങളില്‍ നിന്ന് ശേഖരിച്ച പുണ്യ തീര്‍ഥങ്ങളുമായാണ് മോദി എത്തുന്നത്. മോദി സരയൂനദിയില്‍ സ്‌നാനം ചെയ്തശേഷം രാം ഗഡിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പിന്നീട് പ്രധാന കവാടമായ സിംഹദ്വാര്‍ കടന്ന് അമ്പലത്തിലേക്കെത്തും(Ayodhya Ram Temple Consecration).