കുന്നംകുളത്ത് ആനയിടഞ്ഞു; പാപ്പാന് പരിക്ക്, പാണഞ്ചേരി ഗജേന്ദ്രൻ ഇടഞ്ഞത് രണ്ടാം തവണ - Kunnamkulam Elephant Attack
Published : Feb 12, 2024, 1:51 PM IST
തൃശൂര്‍ : കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു (Kunnamkulam Elephant Attack). ചീരംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന പാണഞ്ചേരി ഗജേന്ദ്രനാണ് ഇടഞ്ഞത്. ഇന്ന് (12-02-2024) രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ പാപ്പാൻ വാഴക്കുളം സ്വദേശി മണിക്ക് പരിക്കേറ്റു. പാപ്പാനെ പരിക്കുകളോടെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രയിലും പ്രവേശിപ്പിച്ചു. ആനയെ ഇന്നലെ പൂരത്തിന് എഴുന്നള്ളിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ തിരിച്ച് കൊണ്ട് പോകുന്നതിനിടയിലാണ് ആന ഇടഞ്ഞത്. കെട്ടഴിച്ച് ലോറിക്ക് സമീപത്തേക്ക് റോഡിലൂടെ നടത്തിക്കൊണ്ടു പോകുന്നതിനിടെ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. എലഫന്‍റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. അതേസമയം രണ്ടാഴ്‌ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പാണഞ്ചേരി ഗജേന്ദ്രൻ ഇടയുന്നത്. ജനുവരി 23 ന് പെലക്കാട് പയ്യൂർ മഹർഷികാവ് ക്ഷേത്രോത്സവത്തിനെത്തിച്ചപ്പോഴും ആന ഇടഞ്ഞിരുന്നു. അരമണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആന ഒരു പെട്ടിക്കട തകർത്തിരുന്നു. വണ്ടിയിലേക്ക് കയറ്റാൻ പോകുന്നതിനിടയിൽ ആന തിരിഞ്ഞോടുകയായിരുന്നു. അന്ന് ആളപായം ഉണ്ടായിരുന്നില്ല.