മുസ്ലിം ലീഗിന് ആറ് സീറ്റുകള്‍ക്ക് വരെ അര്‍ഹതയുണ്ട് : കെ മുരളീധരൻ എംപി - muslim league
Published : Feb 21, 2024, 12:11 PM IST
കോഴിക്കോട് : മൂന്നാം സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗിനെ പുകഴ്ത്തി കെ. മുരളീധരൻ എംപി. എൽഡിഎഫിൽ സിപിഐക്ക് നാല് സീറ്റുകള്‍ വിട്ടുകൊടുത്ത സ്ഥിതിക്ക്, മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭ സീറ്റുകള്‍ക്ക് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ പറഞ്ഞു. മുസ്ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിൽ തെറ്റില്ല. സിപിഐക്ക് ഇടതുമുന്നണിയിൽ നാല് സീറ്റുകള്‍ നൽകുന്നുണ്ട്. കിട്ടിയ സീറ്റുകളില്‍ സ്ഥാനാർത്ഥിയെ തിരഞ്ഞ് നടക്കേണ്ട ഗതികേടിലാണ് സിപിഐ എന്നും കെ. മുരളീധരൻ പരിഹസിച്ചു. നിലവിൽ രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചിട്ടില്ല. ലീഗിന്‍റെ സീറ്റ് കാര്യത്തിലും ചർച്ച നടന്നിട്ടില്ല. സിപിഐയെ പോലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തിരഞ്ഞുനടന്ന് കണ്ടുപിടിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല. സമരാഗ്നിയുടെ ചൂടിലാണ് നേതാക്കൾ. സമരാഗ്നി യാത്രയ്ക്ക് ശേഷം ചർച്ച നടക്കും. പിന്നീട് സീറ്റ് വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നും കെ. മുരളീധരൻ പറഞ്ഞു. വേണ്ടി വന്നാൽ വിട്ടുവീഴ്ച ചെയ്യുമെന്ന കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രസ്താവന സ്വാഗതാർഹമാണ്. യുഡിഎഫിലെ എല്ലാവരും വിട്ടുവീഴ്ചകള്‍ ചെയ്യുന്നവരാണ്. അതാണ് മുന്നണി നിലപാടെന്നും കെ. മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു.