പാതിവഴിയില്‍ പൊലിഞ്ഞ് കുടിവെള്ള പദ്ധതി; മൂന്നാറില്‍ കോടികൾ മുടക്കിയ തടയണകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ - മൂന്നാര്‍ കുടിവെള്ള പദ്ധതി
Published : Jan 31, 2024, 9:12 PM IST
ഇടുക്കി: മൂന്നാറില്‍ കോടികൾ മുടക്കിയ കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു. പദ്ധതി പ്രതിസന്ധിയിലായതോടെ കോടികള്‍ മുടക്കി നിര്‍മ്മിച്ച തടയണകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മൂന്നാര്‍ ടൗണിന് സമീപം കന്നിമലയാറ്റിലും മുസ്‌ലിം പള്ളിക്ക് സമീപവുമാണ് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ചെറുകിട ജലസേചന വകുപ്പ് ബണ്ടുകള്‍ സ്ഥാപിച്ചത്. ജലസേചന വകുപ്പിന്‍റെ നേതൃത്വത്തില്‍ 2019 ലാണ് മൂന്നാര്‍ ടൗണിന് സമീപവും ഒരു കിലോമീറ്റര്‍ മുകളില്‍ മുതുവാന്‍പാറ ഭാഗത്തും കന്നിമലയാറിന് കുറുകെ 2 തടയണകള്‍ നിര്‍മ്മിക്കുന്ന ജോലികള്‍ക്ക് തുടക്കമിട്ടത്. നിര്‍മ്മാണം 2022 മാര്‍ച്ചില്‍ പൂര്‍ത്തിയായി. ശുദ്ധജലക്ഷാമം രൂക്ഷമായ മൂന്നാര്‍ ടൗണ്‍, കോളനി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ളതായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ 6 കോടി ചെലവിട്ട് നിര്‍മ്മിച്ച തടയണകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി. കന്നിമലയാറ്റിലെ വെള്ളം തടഞ്ഞുനിര്‍ത്തി ടാങ്കില്‍ സംഭരിച്ച് വിതരണം ചെയ്യാനുള്ളതായിരുന്നു പദ്ധതി. ഇത് പഞ്ചായത്തിന് കൈമാറുമെന്നും ടാങ്കും പൈപ്പുകളും സ്ഥാപിച്ച് പഞ്ചായത്ത് ജലവിതരണം നടത്തണമെന്നുമായിരുന്നു ധാരണ. എന്നാല്‍ പദ്ധതി പ്രായോഗികമല്ലെന്നും വന്‍ പണച്ചെലവ് വരുമെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പിന്‍മാറി. ഇതോടെയാണ് ഒന്നര വര്‍ഷമായി ഈ തടയണകള്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്നത്. മതിയായ പഠനം നടത്താതെ തടയണകള്‍ സ്ഥാപിച്ചത് തിരിച്ചടിയായെന്നാണ് ആക്ഷേപം.