വണ്ടികള്‍ ഉരസി, ഉടമകള്‍ മടങ്ങി, മദ്യപന്മാര്‍ ഏറ്റുമുട്ടി; നിയന്ത്രിക്കാൻ എത്തിയ പൊലീസിന് നേരെ ആക്രമണം, 2 പേർ അറസ്‌റ്റിൽ
Published : Feb 5, 2024, 10:11 PM IST
ഇടുക്കി: തടിയമ്പാട് വാഹനം തട്ടിയതിനെ ചൊല്ലി ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. രംഗം ശാന്തമാക്കാൻ എത്തിയ പൊലീസിനെ ആക്രമിച്ച രണ്ടു പേർ അറസ്‌റ്റിൽ. ഇടുക്കി വാഴത്തോപ്പ് സ്വദേശി കുത്തനാപള്ളിയിൽ റിജു കുര്യൻ, രഞ്ജിത്ത് എന്നിവരെയാണ് ഇടുക്കി പൊലീസ് അറസ്‌റ്റ് ചെയ്‌തത്( Clashes over vehicle collision two arrested in Attack on police ). എട്ടരയോടെ ആയിരുന്നു സംഭവം. തടിയമ്പാട് വിദേശ മദ്യശാലയ്ക്ക് സമീപം പെരുമ്പാവൂർ സ്വദേശികളുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടുകയായിരുന്നു. തുടർന്ന് വാഹന ഉടമകൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും നഷ്‌ടപരിഹാരം നൽകി പ്രശ്‌നം പറഞ്ഞു തീർക്കുകയും ചെയ്‌തു. തുടർന്ന് പെരുമ്പാവൂർ സ്വദേശികൾ മടങ്ങി. എന്നാൽ മദ്യലഹരിയിൽ ആയിരുന്ന ചിലർ സംഭവവുമായി ബന്ധപ്പെട്ട് അസഭ്യ വർഷം നടത്തുകയും മറ്റു ചിലർ ഇത് ചോദ്യം ചെയ്യുകയും ചെയ്‌തു. ഇതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു. ഈ സമയം ടൗണിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാർ പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും സംഘർഷം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇടുക്കി സിഐയുടെ നേതൃത്വത്തിലുള്ള കൂടുതൽ പൊലീസ് സംഘം എത്തിയാണ് സംഘർഷം ശാന്തമാക്കിയത്. റിജുവിനെ പൊലീസ് കസ്‌റ്റഡിയിൽ എടുക്കുന്നതിനിടെ രഞ്ജിത്ത് പൊലീസിനെ തടയുകയും മർദിക്കുകയുമായിരുന്നു. ഇതേതുടർന്ന് പൊലീസ് ഇരുവരെയും കസ്‌റ്റഡിയിൽ എടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇടുക്കി സിഐ വ്യക്തമാക്കി. അറസ്‌റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.