മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ വരി തെറ്റിച്ചു; ക്രിസ്‌മസ് ദിനത്തിൽ ബിവറേജസിന് മുന്നിൽ കൂട്ടയടി - FIGHT AT ARYANAD BEVERAGE
Published : Dec 25, 2024, 7:37 PM IST
തിരുവനന്തപുരം: ബിവറേജസിന് മുന്നിൽ വരി തെറ്റിച്ചതിനെച്ചൊല്ലി സംഘർഷം. ആര്യനാട് ബിവറേജസിന് മുന്നിൽ ഇരു വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്ന് (ഡിസംബർ 25) ആണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മദ്യം വാങ്ങുന്നതിന് വരി നിൽക്കുന്നതിനിടയിൽ വരിതെറ്റിച്ച് ഒരാൾ മദ്യം വാങ്ങാൻ ശ്രമിച്ചു. ഇത് ഒരു സംഘത്തെ പ്രകോപിപ്പിക്കുകയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഈ വിഷയം അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്‌തു. മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്‌നത്തിൽ ഇടപെട്ടതോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.
സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു. ആക്രമണത്തിൽ രണ്ട് പേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പരാതിയുമായി ആരും ഇതുവരെ വരാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ആര്യനാട് പൊലീസ് അറിയിച്ചു. എന്തായാലും ബിവറേജസിന് മുന്നിലുണ്ടായ കൂട്ടത്തല്ലിന്‍റെ ദൃശ്യം വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.