അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തി - wild elephant ganapathi
Published : Mar 13, 2024, 2:23 PM IST
തൃശൂർ : അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തിൽ കാട്ടുകൊമ്പനെ അവശനിലയിൽ കണ്ടെത്തി. എഴാറ്റുമുഖം ഗണപതിയെന്നു വിളിപ്പേരുള്ള കാട്ടുകൊമ്പനെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പുഴയിൽ നിന്നും കയറി വന്ന ഗണപതി നടക്കാനാവാതെ പ്ലാന്‍റേഷൻ തോട്ടത്തിൽ അവശനിലയിൽ കിടക്കുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു. തുടർന്ന് അവർ അധികൃതരെ വിവരമറിയിച്ചു. ആനയ്ക്ക് ചികിത്സ ഉറപ്പാക്കാൻ ഉടൻ തന്നെ മെഡിക്കൽ സംഘമെത്തും. വെറ്ററിനറി ഡോക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം അല്‍പസമയത്തിനകം അതിരപ്പിള്ളിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിൽ ഗണപതി എത്തുകയും കാർഷിക വിളകൾ നശിപ്പിക്കുന്നതും ചെയ്യുന്നത് പതിവാണ്. അതിരപ്പിള്ളിയിൽ കാട്ടുകൊമ്പൻ ഗണപതിയുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്‌തികരമാണെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. ചെവിയുടേയും തുമ്പിക്കെയ്യിന്‍റെയും ചലനങ്ങള്‍ നിലവില്‍ സ്വാഭാവിക രീതിയിലാണെന്നും അവർ കൂട്ടിച്ചേർത്തു. ആനയെ വെള്ളം കുടിപ്പിക്കാനാണ് മെഡിക്കല്‍ സംഘത്തിന്‍റെ നീക്കം. ഇതിലൂടെ ശരീര ഊഷ്‌മാവ് സ്വഭാവിക നിലയിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മെഡിക്കൽ സംഘം പറഞ്ഞു. ഗണപതി എന്ന കാട്ടുകൊമ്പന്‍റെ അവശത മാറിയാൽ ഉടൻ തന്നെ വനംവകുപ്പ് ഗാര്‍ഡുമാര്‍ ആനയെ പുഴയിലേക്ക് നടത്തിവിടാന്‍ ശ്രമം നടത്തും.