'അരിക്കൊമ്പനെ തിരികെ എത്തിക്കണം'; ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ച് മൃഗസ്‌നേഹികള്‍
Published : Jan 20, 2024, 11:01 PM IST
ഇടുക്കി: ചിന്നക്കനാലില്‍ നിന്നും തമിഴ്‌നാട്ടിലെ വനത്തില്‍ വിട്ടയച്ച കാട്ടാന അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ വീണ്ടും രംഗത്ത്. ആവശ്യം ഉന്നയിച്ച് ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ച് മെമ്മോറാണ്ടം നല്‍കി. കഴിഞ്ഞ ദിവസം ജില്ലയിൽ സന്ദർശനം നടത്തിയ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിയെ നേരില്‍ കണ്ടാണ് സംഘം ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമെ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയൂള്ളൂ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും സംഘം പറഞ്ഞു. അരിക്കൊമ്പന്‍ അപകടകാരിയല്ലെന്നും തിരികെ കൊണ്ടുവരണമെന്നുമാണ് ആവശ്യം. അതേ സമയം വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന, ദേശീയ നേതൃത്വമാണെന്നാണ് ജില്ല കമ്മിറ്റിയുടെ വിശദീകരണം. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും മാറ്റിയത് വനമേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അരിക്കൊമ്പനെ മാറ്റിയതിന് ശേഷം ഇടുക്കിയിലെ വനമേഖലകളിലെ കാട്ടാന ആക്രമണത്തില്‍ 70 ശതമാനത്തോളം കുറവുണ്ടായതായി പഞ്ചായത്ത് അധികൃതരും വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ വീണ്ടും അരിക്കൊമ്പനെ തിരിച്ചെത്തിച്ചാല്‍ അത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലഭിക്കുന്ന സൂചന.