ഗരുഡൻ തൂക്കം വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു; പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല; നടപടി വേണമെന്ന് ബാലാവകാശ കമ്മീഷൻ
Published : Feb 18, 2024, 7:28 PM IST
പത്തനംതിട്ട: ക്ഷേത്രത്തിലെ ഗരുഡൻ തൂക്കം വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു കയ്യൊടിഞ്ഞു. പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലാണ് സംഭവം. ഇന്നലെ (ശനി) രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് കുഞ്ഞ് തൂക്കുകാരന്‍റെ കെെയില്‍ നിന്ന് താഴെ വീണത്. പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൂങ്ങിയാടുന്നതിനിടെ കുഞ്ഞ് തൂക്കുകാരന്‍റെ കെെയില്‍ നിന്ന് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം സംഭവത്തിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ നിർദ്ദേശം നൽകി. ജില്ല ശിശുക്ഷേമ സമിതിയോടാണ് സംഭവം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. തെക്കൻ കേരളത്തിൽ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്. ഇത്തവണ ഇവിടെ 624 തൂക്കങ്ങളാണ് നടന്നത്. ആറ് മാസം പ്രായമുള്ള കുട്ടികളുൾപ്പെടെ ഇക്കുറി ഇവിടെ ഗരുഡൻ തൂക്കം വഴിപാടിന്‍റെ ഭാഗമായതായാണ് വിവരം.