രിശുഭൂമിയില്‍ തലയുയര്‍ത്തി റാഗി കൃഷി ഇടുക്കി :അന്നത് തരിശു ഭൂമിയായിരുന്നു. പക്ഷേ ഒന്നിച്ചിറങ്ങിയാല്‍ പൊന്ന് വിളയിക്കാം. കൺമുന്നില്‍ കനത്ത മഞ്ഞും വന്യമൃഗങ്ങളും. ഇടുക്കി ശാന്തൻപാറ ആട് വിളാന്താൻ കുടിയിലെ മുതുവാൻ ഗോത്ര വിഭാഗം അന്യം നിന്നുപോയ റാഗി കൃഷി തിരിച്ചു പിടിക്കുകയാണ്.
നീലവാണി, ചൂണ്ടക്കണ്ണി, ഉപ്പ്മെല്ലിച്ചി, പച്ചമുട്ടി, ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് ഇവര്‍ സംരക്ഷിച്ച് കൃഷിചെയ്ത് വരുന്നത്. ഇരുപതിലധികം വിത്തിനങ്ങൾ ഉണ്ടായിരുന്നതിൽ പലതും നഷ്‌ടപ്പെട്ട അവസ്ഥയിലാണ് കൃഷി വകുപ്പ് സഹായവുമായി എത്തിയത്.
ദേശീയ ഉദ്യാനമായ മതികെട്ടാൻ ചോലയുടെ താഴ്വരയില്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന റാഗി അതി മനോഹരമായ കാഴ്ച കൂടിയാണ്. മതികെട്ടാൻ മലനിരകളെ തഴുകിയെത്തുന്ന മേഘങ്ങൾക്ക് ഒപ്പം റാഗി വിളയുമ്പോൾ ഈ കർഷകർക്ക് നൂറുമേനി സന്തോഷം.
മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഗ്രാമപഞ്ചായത്തിന്‍റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഒരുക്കി. മെയ് - ജൂൺ മാസത്തിൽ വിത്ത് വിതച്ചു. ആറ് മാസം കൊണ്ട് പാകമാകുന്ന റാഗിയുടെ വിളവെടുപ്പ് നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായി പൂർത്തികരിക്കും. കുടിയിലെ ഭക്ഷണ ആവശ്യങ്ങൾക്ക് മാത്രമായിട്ടാണ് നിലവിൽ കൃഷി ചെയ്‌തുവരുന്നത്. ഈ വര്‍ഷം മുതൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷിചെയ്യാനാണ് കർഷകരുടെ തീരുമാനം. ശക്‌തമായ മഞ്ഞും വന്യമൃഗങ്ങ ശല്യവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സർക്കാർ കൂടി സഹായിച്ചാല്‍ പൊന്നുവിളയിക്കാമെന്നാണ് കർഷകർ പറയുന്നത്.