കാസർകോട് : കെഎസ്ആർടിസി ആയാലും ടൂറിസ്റ്റ് ബസ് ആയാലും 'മ്യൂസിക്' ഇല്ലാത്ത വിനോദ യാത്ര ചിന്തിക്കാൻ പറ്റില്ല. വിനോദ സഞ്ചാരത്തിനു പോകുന്ന കെഎസ്ആർടിസി ബസിലെ മ്യൂസിക് സിസ്റ്റം പരിമിതികൾ നിറഞ്ഞതാണ്. ഇത് പരിഹരിക്കുകയാണ് കാഞ്ഞങ്ങാട്ടെ കെഎസ്ആർടിസി ജീവനക്കാർ. ഇനി പാട്ടൊക്കെ കേട്ട് കാഞ്ഞങ്ങാട് നിന്നും അടിച്ച് പൊളിച്ച് യാത്ര പോകാം.
ബജറ്റ് ടൂറിസം കൂടുതൽ ആകർഷകമാക്കുന്നതിന്‍റെ ഭാഗമായാണ് കാഞ്ഞങ്ങാട് ഡിപ്പോയിലെ കെഎസ്‌ആർടിസി ബസിൽ സ്ഥിരം ശബ്‌ദ സംവിധാനം ഒരുക്കുന്നത്. ഇതിന്‍റെ ചെലവ് പൂർണമായും ജീവനക്കാരാണ് വഹിക്കുക. 18,000 രൂപയോളമാകും ശബ്‌ദ സംവിധാനമൊരുക്കുന്നതിന്.
സൗണ്ട് ബോക്‌സ്, മൈക്ക്, യുഎസ്‌ബി തുടങ്ങിയവയാണ് വാങ്ങുക. ജീവനക്കാർ നൂറും ഇരുന്നൂറും രൂപ കയ്യില്‍ നിന്നെടുത്ത് ഈ പണം കണ്ടെത്തുകയാണ്. 200 ജീവനക്കാരാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ ഉള്ളത്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥിര ശബ്‌ദ സംവിധാനം ബസിൽ ഒരുങ്ങുമെന്ന് ടൂർ കോർഡിനേറ്റർ പ്രദീപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്രിസ്‌മസ് അവധിക്കാല യാത്രകൾ കൂടി മുന്നിൽ കണ്ടാണ് ഈ മാറ്റങ്ങൾ. ബജറ്റ് ടൂറിസം ശക്തിപ്പെട്ടതിനാൽ ഈ സംവിധാനം വകുപ്പുതലത്തിൽ തന്നെ പ്രാവർത്തികമാകുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. അതുവരെ ജീവനക്കാർ വാങ്ങിച്ച സംവിധാനം തന്നെ ഉപയോഗിക്കും.