കാസർകോട്: 16 മീറ്റർ ആഴവും 60 മീറ്റർ നീളവും അതിന്‍റെ പകുതിയിലധികം വീതിയുമുള്ള ഒരു ക്ഷേത്രകുളം, രഹസ്യങ്ങൾ ഒളിപ്പിച്ച അടിത്തട്ട്. ഈ കുളം നിർമിച്ചത് ഒരാൾ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ കേട്ടോളൂ, സംഭവം സത്യമാണ്. ചാത്തമത്ത് സ്വദേശി വിനീഷാണ് നീലേശ്വരത്ത് ഒരു വർഷം കൊണ്ട് ഒറ്റയ്‌ക്ക് ക്ഷേത്രക്കുളം നിർമിച്ചത്.
ഒരു ലക്ഷത്തോളം ചെങ്കല്ലുകൾ ഉപയോഗിച്ച് സിമന്‍റ് ഇല്ലാതെയാണ് 39കാരനായ വിനീഷ് ക്ഷേത്രക്കുളം കെട്ടിയത്. നീലേശ്വരം പൂവാലംകൈ ശാസ്‌തമംഗലത്തപ്പൻ ശിവക്ഷേത്രത്തിന്‍റേതാണ് കുളം. കല്ലുകെട്ടുമ്പോൾ സിമന്‍റ് പൊടി ഉപയോഗിച്ചാൽ ഏറെക്കാലം നിൽക്കില്ല എന്ന് മനസിലാക്കിയാണ് സിമന്‍റ് ഒഴിവാക്കിയത്. രണ്ട് കല്ലുകൾ പരസ്‌പരം ഒട്ടിക്കിടക്കുന്ന രീതിയിൽ മിനുസപ്പെടുത്തിയാണ് പരമ്പരാഗത ശൈലിയിലുള്ള നിർമാണം.
22-ാം വയസിലാണ് വിനീഷ് കല്ലുകെട്ട് തൊഴിലിലേക്കിറങ്ങുന്നത്. നേരത്തെ വീടുകൾക്ക് കല്ലുവെപ്പും ക്ഷേത്രമുറ്റത്ത് ഉൾപ്പടെ കല്ലുപാകലുമൊക്കെ ചെയ്‌തിട്ടുണ്ടെങ്കിലും കുളം നിർമാണം ആദ്യമായിരുന്നു. ക്ഷേത്ര കമ്മിറ്റി വിശ്വസിച്ചേൽപ്പിച്ച പണി ഭംഗിയായി ചെയ്‌ത് തീർക്കാൻ പറ്റിയ സന്തോഷത്തിലാണ് വിനീഷ്.