മാട്ടുപ്പെട്ടി ഡാമില്‍ ഇ-ബോട്ട് സര്‍വീസ് (Source: ETV Bharat Reporter) ഇടുക്കി:മാട്ടുപ്പെട്ടി ഡാമില്‍ ആദ്യ ഇലക്‌ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് സര്‍വീസ് ആരംഭിച്ചത്. 20 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബോട്ടാണിത്.
ഓസ്‌ട്രിയയില്‍ നിന്നും ഇറക്കുമതി ചെയ്‌ത 4 ബാറ്ററികളാണ് ബോട്ടില്‍ ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ഇവ 4 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. 50 ലക്ഷം രൂപ ചെലവഴിച്ച് വൈദ്യുത എഞ്ചിനും ബാറ്ററികളും ഇറക്കുമതി ചെയ്‌താണ് ഹൈഡല്‍ ടൂറിസം അധികൃതര്‍ ഡീസലില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാമിലി ബോട്ട് ഇ ബോട്ടാക്കി മാറ്റിയത്.
ഒരു ദിവസം 12 ട്രിപ്പുകള്‍ വരെ നടത്താന്‍ സാധിക്കും. 20 പേര്‍ക്ക് 2000 രൂപയാണ് യാത്ര നിരക്ക്. കഴിഞ്ഞ ജൂലൈ 25നാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇ ബോട്ട് പരീക്ഷണയോട്ടം നടത്തിയത്.
വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്ന ശബ്‌ദ മലിനീകരണം, ഡീസല്‍ ഉപയോഗം മൂലമുള്ള അന്തരീക്ഷ മലിനീകരണം എന്നിവ ഇ-ബോട്ട് സര്‍വീസില്‍ ഉണ്ടാകില്ല. ബോട്ടുകളുടെ അമിത ശബ്‌ദം ആനകളുടെ സ്വൈര ജീവിതത്തെ ബാധിക്കുന്നുവെന്ന കാരണത്താല്‍ ഹൈക്കോടതി ആനയിറങ്കലിലെ ബോട്ട് സവാരി നിരോധിച്ചിരുന്നു.
ആനകളുടെ വിഹാര കേന്ദ്രമായ മാട്ടുപ്പെട്ടിയിലും സമാന സാഹചര്യം ഭാവിയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഇ-ബോട്ട് സര്‍വീസ് തുടങ്ങിയിട്ടുള്ളത്. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ് മാട്ടുപ്പെട്ടി. അണക്കെട്ടിലെ ബോട്ടിങ് തന്നെയാണ് കൂടുതല്‍ പേരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നതും.