ഹൈദരാബാദ്:ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി, ഓപ്പൺ എഐ അടക്കമുള്ള എഐ പ്ലാറ്റ്‌ഫോമുകൾ അരങ്ങുവാഴുന്നതിനിടെയാണ് ചൈനീസ് ടെക് സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക് തങ്ങളുടെ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കുന്നത്. ഐഒഎസിലും ആൻഡ്രോയ്‌ഡ് പ്ലേസ്റ്റോറിലും പ്രൊഡക്‌റ്റിവിറ്റി ആപ്പ് ഡൗൺലോഡ് പട്ടികയിൽ വലിയ കുതിച്ചുചാട്ടമാണ് ഡീപ്‌സീക്ക് കാഴ്‌ചവയ്‌ക്കുന്നത്. ആപ്പിൾ ഐഒഎസിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്‌ത ആപ്പാണ് ഇതെന്നാണ് കണക്കുകൾ.
ലോകത്തെ പിടിച്ചുകുലുക്കിയ ഈ എഐ സ്റ്റാർട്ടപ്പ് കുതിപ്പ് തുടരുകയാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ചിരുന്ന ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി എന്നിവയെ പിന്നിലാക്കിയാണ് 2025 ജനുവരിയിൽ പുറത്തിറക്കിയ ഡീപ്‌സീക്ക് മുന്നേറുന്നത്. അതിനാൽ തന്നെ ആഗോളതലത്തിൽ ഡീപ്‌സീക്ക് വലിയ ചർച്ചാവിഷയമായിരുന്നു.
എന്താണ് ഡീപ്‌സീക്ക്?
നിങ്ങളുടെ ഏത് ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും പുതിയ ആശയങ്ങൾ സൃഷ്‌ടിക്കാനും കഴിയുന്ന എഐ ചാറ്റ്‌ബോട്ടാണ് ഡീപ്‌സീക്ക്. യുക്തികേന്ദ്രീകൃത എഐ മോഡലാണ് ഇതെന്നാണ് കമ്പനിയുടെ വാദം. ജനുവരി 10നാണ് ചൈനീസ് കമ്പനിയുടെ സൗജന്യ എഐ അസിസ്റ്റന്‍റായ ഡീപ്‌സീക്ക് അവതരിപ്പിക്കുന്നത്. ചാറ്റ് ജിപിടിയോട് സമാനമായി പ്രവർത്തിക്കുന്ന എഐ അസിസ്റ്റന്‍റാണ് ഡീപ്‌സീക്ക്. സംരഭകനായ ലിയാങ് വെൻഫെങാണ് ഇതിനായി വൻ നിക്ഷേപം നടത്തിയത്.
ജനുവരി 25ന് ഡൗൺലോഡ് റാങ്കിങിൽ 102-ാം സ്ഥാനത്തുണ്ടായിരുന്ന ഡീപ്‌സീക്ക് ജനുവരി 27 ആയപ്പോഴേക്കും മറ്റുള്ളവയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഡീപ്‌സീക്ക് ആപ്പ് ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ആൻഡ്രോയ്‌ഡ് പ്ലേസ്റ്റോറിലും ലഭ്യമാണ്. ദിവസങ്ങൾക്കകം ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്‌ത ആപ്പായി മാറാൻ ഡീപ്‌സീക്കിന് കഴിഞ്ഞിട്ടുണ്ട്.
ഡീപ്‌സീക്കിനെ വ്യത്യസ്‌തമാക്കുന്നതെന്ത്?
ഡീപ്‌സീക്കിന്‍റെ എഐ മോഡലുകൾ ഓപ്പൺ സോഴ്‌സ് മോഡലുകളാണ് എന്നതാണ് ഓപ്പൺഎഐ പോലുള്ള എതിരാളികളിൽ നിന്ന് ഡീപ്‌സീക്കിനെ വ്യത്യസ്‌തമാക്കുന്നത്. ഈ എഐ മോഡലിന്‍റെ പ്രധാന ഭാഗങ്ങൾ ആർക്കും ആക്‌സസ് ചെയ്യാനും പരിഷ്‌ക്കരിക്കാനും സാധിക്കും. ഒരു ചൈനീസ് കമ്പനി ചുരുങ്ങിയ കാലയളവിനുള്ളിൽ മുന്നേറുന്നത് ഇതാദ്യമായാണ്.
6 മില്യൺ ഡോളർ മാത്രം ചെലവിട്ടാണ് ഈ എഐ അസിസ്റ്റന്‍റ് ഡിസൈൻ ചെയ്യുന്നത്. യുഎസിലെ എഐ കമ്പനികൾ തങ്ങളുടെ എഐ മോഡലുകളുണ്ടാക്കാൻ ചെലവഴിച്ച ബില്യൺ കണക്കിന് ഡോളറിനേക്കാൾ വളരെ കുറവാണ് ഡീപ്‌സീക്കിന്‍റെ ചെലവ്. ഡീപ്‌സീക്ക് ആഗോള സാമ്പത്തിക വിപണി തന്നെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. എൻവിഡിയ ഉൾപ്പെടെയുള്ള നിരവധി ടെക്‌നോളജി കമ്പനികളുടെ ഓഹരിയെ വരെ പുതിയ ആപ്പിന്‍റെ കടന്നുവരവ് ബാധിച്ചിട്ടുണ്ട്.
അമേരിക്കയുടെ എഐ ആധിപത്യത്തിന് തിരിച്ചടിയോ?
എഐ ചാറ്റ്‌ബോട്ടപകൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത തന്നെയാണ് ഡീപ്‌സീക്കിന്‍റെ വളർച്ചയ്‌ക്ക് പിന്നിലും. ആർടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലുള്ള അമേരിക്കയുടെ കുത്തകയ്‌ക്ക് ചൈനയിൽ നിന്നും ലഭിച്ച ഒരു മറുപടിയാണ് ഡീപ്‌സീക്കിന് ലഭിച്ച വൻ സ്വീകാര്യതയെന്നും വേണമെങ്കിൽ പറയാം. ഡീപ്‌സീക്ക് വന്നതോടെ അമേരിക്ക ഉൾപ്പെടെയുള്ള ആഗോള തലത്തിലെ വമ്പൻ ടെക് സ്ഥാപനങ്ങളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്‌ത സൗജന്യ ആപ്പ് ഡീപ്‌സീക്ക് ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് സാങ്കേതിക രംഗത്ത് അമേരിക്കയ്‌ക്ക് കിട്ടിയ വലിയ തിരിച്ചടിയാണ്.
Also Read:
- ടിക് ടോക്കിനെ മൈക്രോസോഫ്‌റ്റ് വാങ്ങുമോ? നിർണായക നീക്കങ്ങളുമായി ട്രംപ്
- ഭൂമിയിലെ അത്ഭുതം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ കുംഭമേളയുടെ ചിത്രങ്ങൾ കാണാം
- രണ്ട് സിം ഉപയോഗിക്കുന്നവരാണോ? വോയ്‌സ് കോൾ പ്ലാനുകളിൽ മികച്ചതേത്? ലാഭം ജിയോയോ എയർടെലോ അതോ വിഐയോ?
- 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
- 2025ൽ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും: ഇത്തവണ ഇന്ത്യയിൽ ദൃശ്യമാവുക ഒരു ഗ്രഹണം മാത്രം