ഹൈദരാബാദ്:ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡാറ്റ സെൻ്ററുകൾ അമേരിക്കയിൽ. 5,388 ഡാറ്റാ സെൻ്ററുകളാണ് നിലവിൽ അമേരിക്കയിലുള്ളത്. അതേസമയം ആഗോള ഡാറ്റ സെൻ്റർ വിപണിയിൽ ഇന്ത്യ അതിവേഗം മുന്നേറുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. സ്റ്റോക്ക്‌ലിസ്‌റ്റിക് ഡോട്ട് കോമിൽ നിന്നുള്ള കണക്കുകളനുസരിച്ച് ചൈനയേക്കാളും, മിക്ക യൂറോപ്യൻ രാജ്യങ്ങളേക്കാളും 10 മടങ്ങ് കൂടുതലാണ് അമേരിക്കയിലെ ഡാറ്റ സെന്‍ററുകൾ. മാത്രമല്ല, ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഡാറ്റ സെൻ്റർ മാർക്കറ്റുകളെ അപേക്ഷിച്ച് 70 ശതമാനം കൂടുതലാണ് യുഎസിലേത്.
രണ്ടാം സ്ഥാനത്ത് 520 ഡാറ്റ സെൻ്ററുകളുള്ള ജർമ്മനിയാണ്. 512 ഡാറ്റ സെൻ്ററുകളുള്ള യുകെ ആണ് മൂന്നാമത്. നാലാമത് ചൈനയാണ്. കാനഡ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവയാണ് യഥാക്രമം അടുത്ത സ്ഥാനങ്ങളിലുള്ളത്. 219 ഡാറ്റ സെൻ്ററുകൾ മാത്രമുള്ള ജപ്പാനാണ് ആദ്യ 10 പട്ടികയിലെ അവസാന രാജ്യം.
കമ്പ്യൂട്ടിങ് മേഖലയിലെ ശക്തിയും സംഭരണശേഷിയും എഐ സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടവുമാണ് അമേരിക്കയിലെ ഡാറ്റ സെൻ്റർ മാർക്കറ്റിലെ കുതിച്ചുചാട്ടത്തിന് കാരണം. ഇത് മോഖലയിൽ 2017 മുതൽ 52 ശതമാനത്തോളം വളർച്ച നേടാനും 416 ബില്യൺ ഡോളർ മൂല്യം കൈവരിക്കാനും വിപണിയെ സഹായിച്ചിട്ടുണ്ട്. ആഗോള ഡാറ്റ സെൻ്റർ മാർക്കറ്റിന്‍റെ സംയുക്ത വാർഷിക വളർച്ച നിരക്ക് അടുത്ത വർഷങ്ങളിൽ 8.45 ശതമാനം ആയി വളരാനും, 2027 ഓടെ അര-ട്രില്യൺ ഡോളർ വരെ എത്താനും സാധ്യതയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
സ്റ്റാറ്റിസ്റ്റ മാർക്കറ്റ് ഇൻസൈറ്റുകൾ പറയുന്നത് പ്രകാരം, യുഎസ് ഡാറ്റ സെൻ്റർ മാർക്കറ്റ് 120 ബില്യൺ ഡോളറിലധികം വരുമാനം ഉണ്ടാക്കും. ഇത് 2024 ലെ മൊത്തം വിപണി വരുമാനത്തിൻ്റെ ഏകദേശം 30 ശതമാനം ആയിരിക്കും.