ഹൈദരാബാദ്: ഓരോ വർഷവും നിരവധി ആകാശവിസ്‌മയങ്ങൾ സംഭവിക്കാറുണ്ട്. 2025ൽ 4 ഗ്രഹണങ്ങൾക്കാണ് ആകാശം വേദിയാകാൻ പോകുന്നത്. ഉജ്ജയിനിലെ ജിവാജി ഒബ്‌സർവേറ്ററി സൂപ്രണ്ടായ രാജേന്ദ്ര പ്രകാശ് ഗുപ്‌ത് പറയുന്നതനുസരിച്ച് ഇത്തവണ രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും ഉൾപ്പെടെ നാല് ഗ്രഹണങ്ങൾ ഉണ്ടാകും. എന്നാൽ ഇന്ത്യക്കാർക്ക് ദൃശ്യമാകുക ഒരു ചന്ദ്രഗ്രഹണം മാത്രമായിരിക്കും. 'ടൈം ആൻഡ് ഡേറ്റ്' എന്ന വെബ്‌പോർട്ടലിലും നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രകാശ് ഗുപ്‌ത് വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ വിശദാംശങ്ങളിലേക്ക്....
പൂർണ ചന്ദ്രഗ്രഹണം(2025 മാർച്ച് 14):
2025 ലെ ആദ്യത്തെ ചന്ദ്രഗ്രഹണമാണിത്. രക്തചന്ദ്രൻ അഥവാ ബ്ലഡ് മൂൺ കാഴ്‌ചയിലുള്ള ഈ പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ പകൽസമയത്താണ് നടക്കുന്നത്. അതിനാൽ തന്നെ ഇന്ത്യക്കാർക്ക് ദൃശ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ. യുഎസ്എ, പടിഞ്ഞാറൻ യൂറോപ്പ്, പടിഞ്ഞാറൻ ആഫ്രിക്ക, വടക്ക്, തെക്ക് അറ്റ്ലാൻ്റിക് സമുദ്രം എന്നീ പ്രദേശങ്ങളിൽ ദൃശ്യമാകും.
ഭാഗിക സൂര്യഗ്രഹണം(2025 മാർച്ച് 29):
സൂര്യന്‍റെ കുറച്ച് ഭാഗം മാത്രമേ ചന്ദ്രൻ മറയ്‌ക്കൂ എന്നതിനാൽ 2025ലെ ആദ്യ സൂര്യഗ്രഹണം ഭാഗികമായിരിക്കും. പകൽസമയത്ത് സംഭവിക്കുന്നതിനാൽ തന്നെ ഈ ഭാഗിക സൂര്യഗ്രഹണവും ഇന്ത്യക്കാർക്ക് ദൃശ്യമാകില്ല. വടക്കേ അമേരിക്ക, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, വടക്കൻ അറ്റ്ലാൻ്റിക് സമുദ്രം, യൂറോപ്പ്, വടക്കുപടിഞ്ഞാറൻ റഷ്യ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുക.