ഹൈദരാബാദ്:ചായ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഒരു കപ്പ് ചൂട് ചായ കുടിച്ച് ദിവസം തുടങ്ങുന്നവരായിരിക്കും പലരും. ആരോഗ്യ പരിപാലനത്തിനും വണ്ണം കുറയ്‌ക്കുന്നതിനുമായി ഗ്രീൻ ടീ ഉൾപ്പെടെ ഉപയോഗിക്കുന്നവരാണ് മറ്റ് ചിലർ. ചായ കുടിക്കാൻ ടീബാഗ് ഉപയോഗിക്കുന്നവർ ഒരുപാടുണ്ട്. ഒരു എളുപ്പ മാർഗമെന്ന നിലയിൽ മിക്കവരും തെരഞ്ഞെടുക്കുന്നത് ടീ ബാഗുകളുമായിരിക്കും. എന്നാൽ ഈ ടീബാഗുകൾ അപകടകാരിയാണെന്ന് പഠനങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.
ടീബാഗ് അപകടകാരിയാകുന്നത് എങ്ങനെയെന്നോ? ടീബാഗുകളിൽ മൈക്രോ, നാനോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട്. ടീബാഗ് ചൂട് വെള്ളത്തിൽ മുക്കുന്ന സമയത്ത് ഇതിലടങ്ങിയിരിക്കുന്ന സൂക്ഷ്‌മ പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിൽ കലരുന്നു. ഇത് കൂടലിലെ കോശങ്ങൾ വലിയതോതിൽ ആഗിരണം ചെയ്യുന്നതിനാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുമെന്നാണ് കണ്ടെത്തൽ. 'പ്ലാസ്റ്റിക് ഹീലിൻ' എന്ന യൂറോപ്യൻ പ്രോജക്‌റ്റിന്‍റെ ഭാഗമായി യുഎബി ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജനറ്റിക്‌സ് ആൻഡ് മൈക്രോബയോളജിയിലെ മ്യൂട്ടജെനിസിസ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ടീബാഗുകൾ കടലാസ് ഉപയോഗിച്ചാണ് നിർമിക്കുന്നതെന്ന് പറയുമെങ്കിലും പല മുൻനിര കമ്പനികളും പ്ലാസ്റ്റിക് പദാർഥങ്ങൾ ചേർത്താണ് ടീബാഗ് നിർമിക്കുന്നത്. വിപണിയിൽ ലഭ്യമായ വിവിധ ടീ ബാഗുകളിൽ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. വിവിധ ടീ ബാഗുകളിൽ നിന്ന് മൈക്രോ, നാനോപ്ലാസ്റ്റിക്കുകൾ വേർതിരിച്ചാണ് പഠനം നടത്തിയത്.
നൈലോൺ 6, പോളിപ്രോപിലിൻ, സെല്ലുലോസ് എന്നാ മൂന്ന് പോളിമറുകൾ ഉപയോഗിച്ചാണ് ടീബാഗുകൾ നിർമിക്കുന്നത്. ടീബാഗ് ഉപയോഗിക്കുമ്പോൾ ഒരു മില്ലീലിറ്റർ ചായയിൽ ഏകദേശം 136.7 നാനോമീറ്റർ വലിപ്പമുള്ള 1.2 ബില്യൺ പോളിപ്രോപിലിൻ കലരുന്നുണ്ട്. കൂടാതെ ഏകദേശം 244 നാനോമീറ്റർ വലിപ്പമുള്ള 135 മില്യൺ സെല്ലുലോസും, 134.8 നാനോമീറ്റർ വലിപ്പമുള്ള 8.18 മില്യൺ നൈലോൺ-6 ഉം കലരുന്നുണ്ട്. എന്നുവെച്ചാൽ ടീബാഗ് ഉപയോഗിക്കുമ്പോൾ കോടിക്കണക്കിന് പ്ലാസ്റ്റിക് കണികകൾ ചായയിൽ കലരുന്നുണ്ട്.