കേരളം

kerala

ETV Bharat / technology

എക്‌സ്‌റേയുടെ പാർശ്വഫലങ്ങളെ കുറിച്ചോർത്ത് ടെൻഷനാവേണ്ട: നഗ്നനേത്രം കൊണ്ട് ശരീരഘടന പരിശോധിക്കാൻ ലേപനം - TRANSLUCENT OINTMENT

ബയോപ്‌സി അടക്കമുള്ള മെഡിക്കൽ ഇമേജിങിന്‍റെ ആവശ്യകതയില്ലാതെ ചർമാർബുദം വരെയുള്ള അസുഖങ്ങൾ കണ്ടെത്താൻ ചായം ഉപയോഗിക്കാമെന്ന് കണ്ടെത്തി സ്റ്റാൻഫോർഡ് സർവകലാശാല. ഈ ലേപനം പുരട്ടിയാൽ നഗ്നനേത്രങ്ങൾ കൊണ്ട് ശരീരഘടന മനസിലാക്കാനാകും. ഇത് മെഡിക്കൽ ചികിത്സാ രംഗത്ത് വലിയ തോതിൽ പ്രയോജനം ചെയ്‌തേക്കും. എക്‌സ്‌റേ,എംആർഐ തുടങ്ങിയവയുടെ പാർശ്വഫലങ്ങൾ കുറയ്‌ക്കാനും ഇതുവഴി സാധിക്കും.

MEDICAL IMAGING TECHNOLOGY  മെഡിക്കൽ ഇമേജിങ്  ചർമാർബുദം  എക്‌സ്‌റേ പാർശ്വഫലങ്ങൾ
Representative image (ETV Bharat)

By ETV Bharat Tech Team

Published : Sep 30, 2024, 5:04 PM IST

ഹൈദരാബാദ്:എക്‌സ്‌റേ, സ്‌കാനിങ്, എംആർഐ തുടങ്ങിയ മെഡിക്കൽ ഇമേജിങ് സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ ശരീരത്തിനുള്ളിലെ ഘടനകളുടെ ചിത്രങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രത്യേക ലേപനം ഉപയോഗിക്കാമെന്ന് കണ്ടെത്തി സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകർ. ചർമ്മത്തെ താത്കാ‌ലികമായി സുതാര്യമാക്കാൻ ഈ ലേപനം വഴി സാധിക്കും. ഭക്ഷണത്തിൽ നിറത്തിനായി ഉപയോഗിക്കുന്ന ചായം(ഫുഡ് ഡൈ) വെള്ളത്തിൽ ലയിപ്പിച്ചാണ് ഈ ലേപനം തയ്യാറാക്കുന്നത്.

തൊലിപ്പുറത്ത് ഈ ലേപനം പുരട്ടുന്നത് വഴി ശരീരത്തിനുള്ളിലെ ഘടന കൃത്യമായി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. ആവശ്യത്തിന് ശേഷം വെള്ളമുപയോഗിച്ച് കഴുകിയാൽ മിനിറ്റുകൾക്കകം പൂർവരൂപത്തിലെത്താനാകുമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഈ രീതി വഴി പാർശ്വഫലങ്ങൾ ഉണ്ടാകാനിടയുള്ള എക്‌സ്‌റേ അടക്കമുള്ള ഇമേജിങ് സാങ്കേതികവിദ്യകളുടെ ഉപയോഗം കുറയ്‌ക്കാനാകും.

ഈ ലേപനം ചികിത്സാരംഗത്ത് ഉപയോഗപ്രദമാകും. കരൾ, വൻകുടൽ, മൂത്രസഞ്ചി, മസ്‌തിഷ്‌കം തുടങ്ങിയ ആന്തരിക അവയവങ്ങൾ പോലും ശസ്ത്രക്രിയ നടപടിക്രമങ്ങളോ പ്രത്യേക ഇമേജിങ് ഉപകരണങ്ങളോ ആവശ്യമില്ലാതെ നിരീക്ഷിക്കാൻ സഹായിക്കുമെന്നാണ് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.

മനുഷ്യശരീരത്തിന്‍റെ ജൈവികമായ സ്വഭാവമനുസരിച്ച് പ്രകാശ തരംഗങ്ങളെയോ വെള്ളത്തിനെയോ ശരീരത്തിലേക്ക് നേരിട്ട് കടത്തിവിടാൻ സാധിക്കില്ല. കാരണം മനുഷ്യചർമ്മം അതാര്യമാണ്. ഇത്തരം തരംഗങ്ങൾ ശരീരത്തിലെത്തുമ്പോൾ ചിതറിത്തെറിച്ച് പോവുകയാണ് പതിവ്. എന്നാൽ തൊലിപ്പുറത്ത് ലേപനം പുരട്ടുമ്പോൾ പ്രകാശം ചിതറി പോകുന്നത് കുറയും. വെളിച്ചത്തെ കടത്തിവിടുമ്പോൾ ചർമ്മം സുതാര്യമാവും. ചർമ്മത്തിന് താഴെയുള്ള അസ്ഥികളുടെയും മറ്റ് ഘടനകളുടെയും വ്യക്തമായ ചിത്രം കാണാൻ സാധിക്കും.

പരീക്ഷണം എലികളിൽ:

എലികളിലാണ് ആദ്യം പരീക്ഷണം നടത്തിയത്. ടാർട്രാസൈൻ എന്ന ഭക്ഷണത്തിലുപയോഗിക്കുന്ന ചായം വെള്ളത്തിൽ ലയിപ്പിച്ച് അനസ്തേഷ്യ ചെയ്‌ത എലിയുടെ ചർമ്മത്തിൽ പുരട്ടികൊണ്ടാണ് സ്റ്റാൻഫോർഡ് സംഘം പരീക്ഷണം നടത്തിയത്. ചായം ബ്ലൂ ലൈറ്റിന്‍റെ ഭൂരിഭാഗവും ആഗിരണം ചെയ്യുകയും, പ്രകാശം ചിതറിപ്പോകുന്നത് കുറയ്‌ക്കുകയും ചെയ്‌തു. ഇത് എലിയുടെ ചർമ്മത്തെ കൂടുതൽ സുതാര്യമാക്കി. പിന്നീട് ലേപനം വികസിപ്പിക്കുകയായിരുന്നു. പുതിയ കണ്ടുപിടിത്തം വിവിധ രോഗാവസ്ഥകളെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും സഹായിക്കും.

പ്രയോജനങ്ങൾ:

  • ശാരീരിക പ്രവർത്തനങ്ങളെ തത്സമയം നിരീക്ഷിക്കാനും മുറിവുകളില്ലാതെ ആന്തരിക അവയവങ്ങൾ പരിശോധിക്കാനും സാധിക്കും.
  • ചർമാർബുദം കണ്ടെത്തൽ: പുതിയ ലേപനം ഉപയോഗിച്ച് ബയോപ്‌സിയുടെ ആവശ്യകത ഇല്ലാതാക്കാനും രോഗിയുടെ ചർമ്മം പരിശോധിച്ച് മെലനോമ നിർണയിക്കാനും സാധിക്കും.
  • ശരീരത്തിന് ഹാനികരമായ റേഡിയേഷനുമായുള്ള സമ്പർക്കം കുറയ്ക്കാം
  • രക്തസാമ്പിൾ ശേഖരിക്കുന്നത് എളുപ്പമാക്കും. ചർമ്മത്തിന് താഴെയുള്ള രക്തക്കുഴലുകൾ വ്യക്തമായി തിരിച്ചറിയാൻ പുതിയ രീതി വഴി സാധിക്കും. ഇത് രക്തസാമ്പിളുകൾ ശേഖരിക്കുന്നത് വേഗത്തിലാക്കുകയും രക്തമെടുക്കുമ്പോഴുള്ള വേദന കുറയ്ക്കുകയും ചെയ്യുന്നു.
  • ടാറ്റൂ നീക്കം ചെയ്യൽ: ലേപനം പുരട്ടുന്നത് വഴി ലേസർ ടാറ്റൂ നീക്കം ചെയ്യൽ എളുപ്പത്തിലും കൃത്യതയിലും സാധിക്കും. ചുറ്റുമുള്ള ചർമ്മത്തെ ബാധിക്കാതെ ടാറ്റൂ ചെയ്‌ത പിഗ്‌മെന്‍റിനെ നീക്കം ചെയ്യാൻ സാധിക്കും.

ചർമ്മത്തിനെ പ്രതികൂലമായി ബാധിക്കുമോ?

സ്റ്റാൻഫോർഡ് സർവകലാശാല പുതിയ പരീക്ഷണത്തിനായി ഉപയോഗിച്ച എലികൾക്ക് യാതൊരു ദോഷവും സംഭവിച്ചില്ല. അവരുടെ ചർമ്മത്തിൽ നിന്നും ചായം കഴുകിയപ്പോൾ സ്വഭാവിക അവസ്ഥയിലേക്ക് മടങ്ങി. മനുഷ്യരുടെ ചർമം കൂടുതൽ സങ്കീർണമാണെങ്കിലും, ഇത് മനുഷ്യരിലും സുരക്ഷിതമാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്.

പുതിയ പരീക്ഷണം മനുഷ്യരിലും വിജയം കണ്ടാൽ നോൺ-ഇൻവേസീവ് മെഡിക്കൽ ഇമേജിങിൻ്റെയും രോഗനിർണയത്തിൻ്റെയും ഒരു പുതിയ യുഗത്തിന് തുടക്കമിടാനാകും. ഇത് മെഡിക്കൽ രംഗത്തെ സങ്കീർണമായ നടപടിക്രമങ്ങളുടെ ആവശ്യകത കുറയ്ക്കുകയും മനുഷ്യശരീരത്തിൻ്റെ പ്രവർത്തനങ്ങളിലേക്ക് വ്യക്തമായ ഉൾക്കാഴ്‌ച നൽകുകയും ചെയ്യും.

Also Read: ക്യാൻസർ ട്യൂമർ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ: മെഡിക്കൽ രംഗത്തും എഐ ഇഫക്‌ട്

ABOUT THE AUTHOR

...view details