കാസർകോട്: വാഹന പ്രേമികളുടെ ഇഷ്‌ട വാഹനങ്ങളിൽ ഒന്നാണ് സ്‌കോഡ. ഇന്ത്യ 2.0 പദ്ധതിയിലൂടെ ആഭ്യന്തര വിപണിയിൽ കുതിക്കുന്നതിനിടെയാണ് വമ്പൻ പ്രഖ്യാപനവുമായി സ്‌കോഡ രംഗത്ത് എത്തിയത്. സ്കോഡയുടെ പുത്തൻ വാഹനം പുറത്തിറക്കുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. കാരണം സ്കോഡ പുറത്തിറക്കുന്ന പുതിയ വാഹനത്തിന്‍റെ പേര് നിർദേശിച്ചത് ഒരു കാസർകോടുകാരനാണ്.
കാസര്‍കോട് സ്വദേശിയായ മുഹമ്മദ് സിയാദ് ആണ് സ്‌കോഡയുടെ പുതിയ എസ്‌യുവി മോഡലിന് പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. "കൈലാഖ്" എന്നാണ് ഈ വാഹനത്തിന്‍റെ പേര്. ഒറ്റ പേരിലൂടെ ഒരു കാർ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് സിയാദ്. കോംപാക്‌ട് എസ്‌യുവി ആണ് സ്കോഡ പുറത്തിറക്കുന്നത്. സ്കോഡ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് സിയാദിന് സമ്മാനമായി ലഭിക്കും. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്‍റെ ക്രെഡിറ്റ് ഒരു മലയാളിക്കാണെന്ന് സ്‌കോഡ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിക്കുകയും ചെയ്‌തിരുന്നു.
2024 ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. അതേ മാസം തന്നെ ഈ വാഹനത്തിനുള്ള പേര് നിര്‍ദേശിച്ചിരുന്നതായാണ് മുഹമ്മദ് സിയാദ് അറിയിച്ചത്. സ്‌ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്‍റെ സംസ്‌കൃത പദമാണ് 'കൈലാഖ്'.
2025-ലാണ് സ്‌കോഡ കൈലാഖ് പുറത്തിറക്കുന്നത്. 'കെ' എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ ആരംഭിച്ച് 'ക്യൂ' എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന പേര് വേണം നിര്‍ദേശിക്കാന്‍ എന്നതായിരുന്നു നിബന്ധന. ഇതിനായി 'നെയിം യുവര്‍ സ്‌കോഡ' എന്ന വെബ്സൈറ്റും സ്‌കോഡ ആരംഭിച്ചിരുന്നു. ഇതില്‍ നല്‍കിയിരുന്ന അഞ്ച് പേരുകളില്‍ ഒന്നായിരുന്നു കൈലാഖ്.