പാലക്കാട് : വാളയാർ കേസിൽ നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാറിൽ മരിച്ച കുട്ടികളുടെ അമ്മ. സിബിഐയിൽ വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും സർക്കാരിനൊപ്പം ചേർന്ന് സിബിഐയും കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് എന്നും അവർ പറഞ്ഞു. വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ മരിച്ച കേസിൽ മാതാപിതാക്കളെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കുട്ടികളുടെ അമ്മ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിബിഐയിൽ വിശ്വാസം നഷ്‌ടപ്പെട്ടു. ഇതിലും ഭേദം പൊലീസായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. പ്രതികളെ കണ്ടെത്താനാവാത്തതിന് അച്ഛനമ്മമാരെ പ്രതി ചേർക്കുകയാണ് ഇപ്പോൾ. യഥാർഥ പ്രതികളിലേക്ക് എത്താൻ പൊലീസിനെപ്പോലെ സിബിഐക്കും പേടിയാണ്. പ്രതികളെ സംരക്ഷിക്കാൻ സർക്കാരിനൊപ്പം ഒത്തുകളിക്കുകയാണ് സിബിഐ എന്നും മാതാവ് ആരോപിച്ചു.
എഴുത്തും വായനയും അറിയാത്ത അച്ഛനമ്മമാരെ പ്രതി ചേർത്താൽ അവർ മിണ്ടാതിരിക്കുമെന്നാവും വിചാരം. അത് നടക്കില്ല. എന്തുകൊണ്ടാണ് തങ്ങളെ പ്രതികളാക്കിയത് എന്ന് സിബിഐയെക്കൊണ്ട് പറയിപ്പിക്കും. കേസിൽ നിയമപരമായ പോരാട്ടം നടത്തുന്നതിനൊപ്പം നീതിക്കു വേണ്ടി സമരം നടത്തുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.