അമേരിക്കൻ സ്‌ട്രീമിങ് ഭീമനായ നെറ്റ്‌ഫ്ലിക്‌സിന് ഇന്ത്യയിലും കാഴ്‌ചക്കാർ ഏറെയാണ്. ധാരാളം സിനിമകളും വെബ് സീരീസുകളും ടിവി ഷോകളും ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. എന്നാൽ ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ഏറ്റവും പുതിയ ചില സിനിമകൾ മാത്രമേ കാണിക്കൂ. ഇവ നമുക്ക് ഇഷ്‌ടപ്പെടണമെന്നുമില്ല. അതിനാൽ നിരവധി സബ്‌സ്‌ക്രൈബർമാർ ആപ്പിൽ നിന്നും കൊഴിഞ്ഞുപോകാറുണ്ട്.
വാസ്‌തവത്തിൽ, നിങ്ങൾ മുമ്പ് കണ്ട വീഡിയോകളെ അടിസ്ഥാനമാക്കിയാണ് നെറ്റ്‌ഫ്ലിക്‌സിൻ്റെ അൽഗോരിതം പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ മുൻ വീഡിയോകൾ പ്രകാരമുള്ള നിങ്ങളുടെ താത്പര്യത്തിനനുസരിച്ചാകും വീഡിയോകൾ ഫീഡിൽ വരിക. എന്നാൽ അത് എല്ലായ്‌പ്പോഴും പൂർണമായി പ്രവർത്തിക്കുന്നുവെന്ന് പറയാനാവില്ല. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഉള്ളടക്കം ചിലപ്പോൾ കണ്ടേക്കില്ല.
എന്നാൽ ഇക്കാര്യത്തിൽ ഇനി വിഷമിക്കേണ്ട കാര്യമില്ല. നെറ്റ്ഫ്ലിക്‌സിന് ഒരു 'രഹസ്യ മെനു' ഉണ്ട്. ഇത് ഉപയോഗിച്ച്, നിങ്ങൾക്ക് ഇഷ്‌ടമുള്ള വീഡിയോകൾ കാണാൻ കഴിയും. ഇത് എങ്ങനെയെന്ന് നോക്കാം.
നെറ്റ്ഫ്ലിക്‌സ് മെനു എന്നത് ഒരു കോഡ് അധിഷ്‌ഠിത സിസ്‌റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഉപയോഗിച്ച്, നിങ്ങൾക്ക് പ്രിയപ്പെട്ട ജോണറിലുള്ള വീഡിയോകൾ കാണാൻ കഴിയും. മാത്രമല്ല, നിങ്ങൾ ലോഗിൻ ആണെങ്കിൽ, നിങ്ങൾക്ക് ആവശ്യമുള്ള വിഭാഗത്തിലും ഉപവിഭാഗത്തിലുമായി ആയിരക്കണക്കിന് വീഡിയോകൾ, സിനിമകൾ, വെബ് സീരീസ് എന്നിവ ബ്രൗസ് ചെയ്യാൻ കഴിയും. നിങ്ങൾ ഇഷ്‌ടപ്പെടുന്ന വീഡിയോ തിരയുന്നതിനായി മണിക്കൂറുകൾ ചെലവഴിക്കുന്നതിൽ നിന്ന് ഇത് നിങ്ങളെ രക്ഷിക്കും.
എന്താണ് നെറ്റ്ഫ്ലിക്‌സ് കോഡുകൾ
ഈ നെറ്റ്ഫ്ലിക്‌സ് കോഡുകൾ ആൻഡ്രോയിഡ് ആപ്പിൽ പ്രവർത്തിക്കില്ല. നെറ്റ്ഫ്ലിക്‌സ് വെബ്സൈറ്റിൽ മാത്രമേ ഇവ ഉപയോഗിക്കാൻ കഴിയൂ. ഈ കോഡ് ഒരു പ്രത്യേക നമ്പർ രൂപത്തിലാണ്. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്‌ടമുള്ള വിഭാഗത്തിലും ഉപവിഭാഗത്തിലും വീഡിയോകൾ കാണാൻ കഴിയും. അതെങ്ങനെ എന്ന് നോക്കാം.
Netflix URL-ൻ്റെ അവസാനമാണ് ഈ കോഡുകൾ ചേർക്കേണ്ടത്. ഉദാഹരണത്തിന്, നിങ്ങൾക്ക് 90 മിനിറ്റ് ദൈർഘ്യമുള്ള സിനിമ കാണണമെങ്കിൽ, 81466194 എന്ന കോഡ് ഉപയോഗിക്കുക. ഇനി നിങ്ങൾക്ക് കുടുംബ കഥാ ചിത്രങ്ങളാണ് കാണേണ്ടതെങ്കിൽ 2013975 എന്ന കോഡ് ഉപയോഗിക്കുക. ഈ രീതിയിൽ, നെറ്റ്‌ഫ്ലിക്‌സിൽ നിങ്ങളുടെ പ്രിയപ്പെട്ട സിനിമ കാണുന്നതിന് ഏകദേശം 36,000 കോഡുകൾ ലഭ്യമാണ്.
ഈ കോഡുകളൊന്നും മനഃപാഠമാക്കേണ്ട കാര്യമില്ല. ഇവയെല്ലാം https://www.netflix-codes.com/ എന്ന വെബ്സൈറ്റിൽ കാണാം. ഇവിടെ നിങ്ങൾ ഓർക്കേണ്ട കാര്യം നെറ്റ്ഫ്ലിക്‌സ് രഹസ്യ മെനു എന്നൊന്നില്ല എന്നതാണ്. ഈ രഹസ്യ കോഡുകൾ നിങ്ങൾക്കുള്ള മെനുവായി പ്രവർത്തിക്കും. ഇവയിൽ ക്ലിക്ക് ചെയ്‌താൽ, നിങ്ങൾ തെരഞ്ഞെടുക്കുന്ന വിഭാഗത്തിലുള്ള എല്ലാ വീഡിയോകളും കാണാം.