സ്വന്തം നാടും വീടും വിട്ട് നിരവധി പേരാണ് ഇന്ന് ജോലിക്കും പഠനത്തിനുമായി വിദേശത്തും അന്യസംസ്ഥാനങ്ങളിലുമായി താമസിക്കുന്നത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ അവധിക്കാലത്തും മറ്റ് ആവശ്യങ്ങള്‍ക്കുമായി നാട്ടിലേക്ക് വരാൻ പൊതുവെ ട്രെയിൻ/ബസ് സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍, അടിയന്തര സാഹചര്യങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് ഒരുപക്ഷെ യാത്രാ മാര്‍ഗം ഒന്ന് മാറ്റിപ്പിടിക്കേണ്ടി വന്നേക്കാം. വിദേശത്ത് ഉള്ളവരുടെ കാര്യം ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അവര്‍ക്ക് നാട്ടിലേക്ക് വരാന്‍ ആശ്രയിക്കാൻ കഴിയുന്ന യാത്രാമാർഗം വിമാനങ്ങള്‍ മാത്രമാണ്. എന്നാൽ ട്രെയിനുകളെയും ബസുകളെയും അപേക്ഷിച്ച് വിമാനങ്ങളിലൂടെയുള്ള യാത്ര ചെലവേറിയതാണ്.
ടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യങ്ങളില്‍ ഒരുപക്ഷെ ഈ ചെലവ് നമ്മള്‍ കണക്ക് കൂട്ടുന്നതിനും മുകളിലേക്ക് വരെ ഉയര്‍ന്നേക്കാം. എന്നാല്‍, ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ കുറഞ്ഞ നിരക്കില്‍ നമുക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്‌ത് യാത്ര ചെയ്യാനും സാധിക്കും. പതിവായി ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഒരാള്‍ക്ക് ഉപകാരപ്പെടുന്നതായിരിക്കും ഈ കാര്യങ്ങള്‍...
നേരത്തെ ബുക്ക് ചെയ്യാം: യാത്രയ്‌ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കണം. കുറഞ്ഞ നിരക്കില്‍ അനുയോജ്യമായ സമയത്ത് യാത്ര ഉറപ്പ് നല്‍കുന്നതാണ് ഈ മാര്‍ഗം. തിരക്കേറിയ റൂട്ടുകളില്‍ പ്രത്യേകിച്ച് സീസണ്‍ സമയത്താണ് നിങ്ങളും യാത്ര പ്ലാൻ ചെയ്യുന്നതെങ്കില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിക്കറ്റ് ഉറപ്പാക്കാൻ ശ്രമിക്കണം.
കടുംപിടിത്തങ്ങള്‍ പാടില്ല: യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസത്തിന്‍റെയും സമയത്തിന്‍റെയും കാര്യത്തില്‍ കടുംപിടിത്തം പാടില്ല. ഇത് ഒന്ന് മാറിയാല്‍ പോലും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭിച്ചേക്കാം. വിമാനത്താവളത്തിന്‍റെ കാര്യത്തിലും ഇത് ഒഴിവാക്കണം. ലക്ഷ്യസ്ഥാനത്തോട് ചേര്‍ന്ന് ഒന്നില്‍ കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ അവിടേക്കുമുള്ള നിരക്ക് പരിശോധിക്കാം.
ബ്രൗസര്‍ ഇൻകോഗ്നിറ്റോ മോഡില്‍: ടിക്കറ്റ് നിരക്ക് ഇന്‍റര്‍നെറ്റില്‍ പരിശോധിക്കുമ്പോള്‍ സൂക്ഷിക്കണം. പരമാവധി ഇന്‍കോഗ്നിറ്റോ മോഡില്‍ വേണം സെര്‍ച്ച് ചെയ്യാൻ. ഇത് കുക്കീസിലൂടെ നിങ്ങളുടെ വിവരങ്ങള്‍ എയര്‍ലൈൻ, ബുക്കിങ് സൈറ്റുകള്‍ക്ക് ലഭ്യമാക്കുന്നത് കുറയ്‌ക്കും. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മള്‍ സെര്‍ച്ച് ചെയ്യുന്ന റൂട്ടിലെ ടിക്കറ്റ് നിരക്ക് കൂടിയ നിലയില്‍ കാണിക്കാൻ സാധ്യത കൂടുതലാണ്.
ബജറ്റ് എയര്‍ലൈനുകളും കണക്‌ടിങ് ഫ്ലൈറ്റുകളും: വിമാനത്താവളവും സമയവും പോലെ തന്നെ പ്രധാനമാണ് യാത്രയ്‌ക്ക് ഉദ്ദേശിക്കുന്ന എയര്‍ലൈനും. ബജറ്റ് എയര്‍ലൈനുകള്‍ തെരഞ്ഞെടുത്താല്‍ പോക്കറ്റ് അധികം കാലിയാകാതെ യാത്ര നടത്താം. മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് ഇവയില്‍ സൗകര്യങ്ങള്‍ കുറവായിരിക്കുമെന്ന കാര്യം ശ്രദ്ധിക്കണം. പിന്നീടുള്ളത് കണക്‌ടിങ് ഫ്ലൈറ്റുകളാണ്. ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ കണക്‌ടിങ് ഫ്ലൈറ്റുകളെ തെഞ്ഞെടുത്താല്‍ അത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കും.
എയര്‍ലൈനുകളുടെ സോഷ്യല്‍ മീഡിയ പേജുകള്‍: സമൂഹ മാധ്യമങ്ങളില്‍ എയര്‍ലൈൻ പേജുകളെ പിന്തുടരുന്നത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കാം. ഇതിലൂടെ എയര്‍ലൈനുകള്‍ വാഗ്‌ദാനം ചെയ്യുന്ന പ്രൊമോഷണല്‍ ഡീലുകളെ കുറിച്ച് അറിയാം. കൂടാതെ, ടിക്കറ്റുകളുടെ ഓഫറുകളെ കുറിച്ചും ഫ്ലാഷ് സെയില്‍ വിവരങ്ങളെ കുറിച്ച് അറിയാനും സോഷ്യല്‍ മീഡിയ പേജുകള്‍ സഹായിക്കും.
നിരക്കുകള്‍ താരതമ്യം ചെയ്യുക: ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് വിവിധ വെബ്‌സൈറ്റുകള്‍ പരിശോധിക്കുക. തുടര്‍ച്ചയായി ഒരു സൈറ്റില്‍ മാത്രം നോക്കാതിരിക്കുക. ഒരേ എയര്‍ലൈനില്‍ നിന്നുള്ള ടിക്കറ്റുകള്‍ പല വെബ്‌സൈറ്റുകളില്‍ ചിലപ്പോള്‍ പല നിരക്കിലാകും കാണാൻ കഴിയുക.
ബോണസ് പോയിന്‍റുകള്‍/ലോയല്‍റ്റി പ്രോഗ്രാമുകള്‍/റിവാര്‍ഡുകള്‍: തുടര്‍ച്ചയായി വിമാനയാത്ര നടത്തുന്നവര്‍ക്ക് എയര്‍ലൈനുകളുടെയോ ക്രെഡിറ്റ് കാര്‍ഡുകളുടെയോ ലോയല്‍റ്റി പ്രോഗ്രാം/ ബോണസ് പോയിന്‍റ്/ റിവാര്‍ഡ് കോയിൻസ് എന്നിവ ഉപയോഗപ്പെടുത്താം.
മിത്തുകളില്‍ വിശ്വസിക്കരുത്: ചൊവ്വാഴ്‌ച വിമാന ടിക്കറ്റ് ബുക്ക് ചെയ്‌താല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. എന്നാല്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യമാണിത്. ഇന്ധനത്തിന്‍റെ നിരക്ക്, കാലാവസ്ഥ ഉള്‍പ്പടെ വിവിധ ഘടങ്ങളെ അടിസ്ഥാനമാക്കിയാണ് എയര്‍ലൈനുകളുടെ വിലനിര്‍ണയ അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നത്.
Also Read : വിമാനയാത്രയിൽ സൗജന്യ ഇന്‍റർനെറ്റ്: സ്റ്റാർലിങ്ക് കണക്‌റ്റിവിറ്റിയുമായി ഖത്തർ എയർവേയ്‌സ്