ശ്രീഹരിക്കോട്ട: യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇഎസ്എ) പ്രോബ 3 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഓയുടെ പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍- സി 59 (പിഎസ്‌എല്‍വി-C59) ഇന്ന് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും വൈകുന്നേരം 4.08നാകും പ്രോബ 3യുടെ വിക്ഷേപണം. സൂര്യന്‍റെ ചൂടേറിയ കൊറോണ കവചത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് പ്രോബ 3യിലെ ഇരട്ട പേടകങ്ങളുടെ ദൗത്യം.
ഐഎസ്‌ആര്‍ഒ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎല്‍) ഏറ്റെടുത്ത് നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്. ഭൂമിയില്‍ നിന്നും അകലെ (അപ്പോജി) 60,530 കിലോ മീറ്ററും അരികില്‍ (പെരിജീ) 600 കിലോ മീറ്ററും ദൈര്‍ഘ്യമുള്ള ദീര്‍ഘ ഭ്രമണപഥത്തില്‍ 150 മീറ്റര്‍ പരസ്‌പരം അകലം പാലിച്ചാകും പ്രോബ 3യുടെ ഇരട്ട ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുക. ഒറ്റത്തവണ തുടര്‍ച്ചയായി 6 മണിക്കൂര്‍ സൂര്യന്‍റെ അന്തരീക്ഷ പാളിയായ കൊറോണയെ നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ യാത്രാപഥം സജ്ജീകരിച്ചത്.