ഹൈദരാബാദ്:ദീർഘദൂര യാത്രകൾക്ക് ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാർഗമാണ് റെയിൽ ഗതാഗതം. സാധാരണക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നതും റെയിൽ ഗതാഗതമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ദൈന്യംദിനം ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്നത്. ദീർഘദൂര യാത്രകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ദൂരം, സഞ്ചരിക്കുന്ന ക്ലാസ്, ബുക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോം എന്നിവയ്‌ക്കനുസരിച്ച് ടിക്കറ്റ് നിരക്ക് മാറാറുണ്ട്. ടിക്കറ്റ് ബുക്കിങ് സൈറ്റുകൾ നൽകുന്ന ഇളവുകളും ക്വോട്ടകളും കൂപ്പണുകളും പ്രയോജനപ്പെടുത്തിയാൽ നിങ്ങൾക്ക് പണം ലാഭിക്കാൻ കഴിയും. ഇത്തരത്തിൽ ടിക്കറ്റ് നിരക്കുകൾ കുറയ്‌ക്കാൻ എന്തൊക്കെ ചെയ്യാമെന്ന് പരിശോധിക്കാം.
1. ഐആർസിടിസി പേയ്‌മെൻ്റ് കാർഡ് ഉപയോഗിക്കുക:
ഐആർസിടിസി ടിക്കറ്റ് ബുക്കിങിനായി എസ്ബിഐയുടെ പ്ലാറ്റിനം കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നവർക്ക് ഡിസ്‌കൗണ്ടുകളും റിവാർഡുകളും ഉണ്ടായിരിക്കും. കൂടാതെ എസി ടയർ 1, എസി ടയർ 2, എസി ടയർ 3 കോച്ചുകൾ ബുക്ക് ചെയ്യുമ്പോൾ പ്രത്യേക റിവാർഡുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിനാൽ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് പകരം പരമാവധി ഐആർസിടിസി എസ്ബിഐ കാർഡ് ഉപയോഗിക്കുക.
2. സീനിയർ സിറ്റിസൺ ക്വാട്ട ഉപയോഗപ്പെടുത്തുക:മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിന് ഇളവുള്ള കാര്യം പലർക്കും അറിയില്ല. ഇന്ത്യൻ റെയിൽവേയുടെ നിയമമനുസരിച്ച് 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ പുരുഷന്മാർക്കും, 58 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും സീനിയർ സിറ്റിസൺ ക്വാട്ട പ്രകാരം ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. പുരുഷന്മാർക്ക് 40% ഇളവും, സ്ത്രീകൾക്ക് 50% ഇളവും ബാധകമാണ്.
ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രയുടെ വിശദാംശങ്ങൾക്കൊപ്പം 'സീനിയർ സിറ്റിസൺ കൺസഷൻ' എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്താൽ മാത്രം മതി. യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ വയസ് തെളിയിക്കുന്ന രേഖ (ഒറിജിനൽ ഐഡി പ്രൂഫ്) കയ്യിൽ വെയ്‌ക്കുകയും വേണം. ഈ പ്രായത്തിലുള്ളവർക്ക് ലോവർ ബർത്തുകളും ലഭ്യമാകും.
3. ക്യാഷ്ബാക്ക് ഓഫറുകൾ ഉപയോഗിക്കുക:
പല വെബ്‌സൈറ്റുകളിലും ട്രെയിൻ ടിക്കറ്റ് ബുക്കിങിൽ ക്യാഷ്ബാക്കും കിഴിവുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അവസാന നിമിഷം ടിക്കറ്റ് ബുക്കിങിന് ധാരാളം പണം ചെലവഴിക്കുന്നതിന് പകരം, മറ്റ് വെബ്‌സൈറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തി ക്യാഷ്ബാക്ക് ഓഫറുകളിലൂടെ പണം ലാഭിക്കുക.
4. മീഡിയം സ്‌പീഡ് ട്രെയിൻ തെരഞ്ഞെടുക്കുക: കുറച്ച് സ്റ്റേഷനുകളിൽ മാത്രം നിർത്തി കുറച്ച് സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ട്രെയിനുകളേക്കാൾ, ടിക്കറ്റ് നിരക്ക് കുറവ്മീഡിയം സ്‌പീഡ് ട്രെയിനുകൾക്ക് ആണ്. അതിനാൽ പെട്ടന്ന് എത്തേണ്ട അത്യാവശ്യമില്ലെങ്കിൽ മീഡിയം സ്‌പീഡുള്ള ട്രെയിൻ തെരഞ്ഞെടുക്കുക.
5. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുക:
യാത്ര നേരത്തെ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെങ്കിൽ, ടിക്കറ്റിന് അമിത ചാർജ് നൽകേണ്ട അവസ്ഥ വരാതിരിക്കാൻ നിങ്ങൾ ആദ്യം ചെയ്യേണ്ടത് മുൻകൂട്ടി ബുക്ക് ചെയ്യുകയാണ്. യാത്രയുടെ അവസാനനിമിഷം ബുക്ക് ചെയ്യുമ്പോൾ കൺഫേം ടിക്കറ്റ് ലഭിക്കുന്നതിൽ അനിശ്ചിതത്വം വർധിക്കുകയും, അധിക ഫീസ് നൽകി ടിക്കറ്റ് എടുക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
6. കൂപ്പൺ കോഡുകൾ ഉപയോഗിക്കുക: ട്രാവലിങ്, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൂപ്പണുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. ഇത് ഉപയോഗപ്പെടുത്തിയാൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
7. ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുക: ചില സമയങ്ങളിൽ നേരത്തെ ബുക്ക് ചെയ്‌ത ടിക്കറ്റ് നിങ്ങൾക്ക് ക്യാൻസൽ ചെയ്യേണ്ടി വന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ യാത്ര ക്യാൻസൽ ആക്കുന്നത് ഉറപ്പായാൽ ഉടനെ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിക്കുക. ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് (അതായത് യാത്രയുടെ നാല് മണിക്കൂർ മുമ്പെങ്കിലും) ടിക്കറ്റ് ക്യാൻസൽ ചെയ്‌തില്ലെങ്കിൽ റീഫണ്ട് ലഭിക്കില്ല. നിങ്ങളുടെ പണം പൂർണമായും നഷ്‌ടമാകും. നിങ്ങൾ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് യാത്രയുടെ എത്ര മണിക്കൂർ മുൻപ് ആണെന്നും, യാത്ര ചെയ്യുന്ന ക്ലാസ് ഏതാണെന്നും അനുസരിച്ച് റീഫണ്ട് ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടായിരിക്കും.
Also Read: യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മംഗളൂരു-രാമേശ്വരം പ്രതിവാര എക്‌സ്‌പ്രസ് ഒക്‌ടോബറിൽ സർവീസ് ആരംഭിക്കുന്നു, സമയക്രമവും സ്റ്റോപ്പുകളും ഇങ്ങനെ...