ടെക് ഭീമനായ ഗൂഗിളിന്‍റെ തലപ്പത്ത് അഴിച്ചുപണി. ദീർഘകാലമായി കമ്പനിയുടെ സെർച്ച് ഹെഡ് ആയി പ്രവർത്തിച്ചിരുന്ന ഇന്ത്യക്കാരനായ പ്രഭാകർ രാഘവനെ ചീഫ് ടെക്‌നോളജിസ്റ്റായി നിയമിച്ചു. അദ്ദേഹത്തിന് കീഴിൽ ദീർഘ കാലമായി പ്രവർത്തിച്ച നിക്ക് ഫോക്‌സ് ആണ് പുതിയ സെർച്ച് ആൻഡ് ആഡ്‌സ് ഹെഡ്. ഇതുസംബന്ധിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് സന്ദേശമയച്ചിരുന്നു.
ആരാണ് പ്രഭാകർ രാഘവൻ?
സെർച്ച് വിഭാഗത്തിന് പുറമെ, പരസ്യത്തിന്‍റെയും മറ്റ് പ്രധാന വിഭാഗങ്ങളുടെയും ചുമതല പ്രഭാകർ രാഘവന് ആയിരുന്നു. ഗൂഗിളിന്‍റെ വളർച്ചയിൽ കഴിഞ്ഞ പത്ത് വർഷമായി നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. സാങ്കേതിക മേഖലയിലായിരിക്കും ഇനി അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
'സെർച്ച് ആൻഡ് ആഡ് മേഖലയിലെ 12 വർഷത്തെ സേവനത്തിന് ശേഷം പ്രഭാകർ രാഘവൻ ടെക്‌നോളജി വിഭാഗത്തിലേക്ക് മടങ്ങുകയാണ്. ഗൂഗിളിന്‍റെ ചീഫ് ടെക്‌നോളജിസ്റ്റ് സ്ഥാനം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം എന്നോട് അടുത്ത പങ്കാളിയായി പ്രവർത്തിക്കും. സാങ്കേതിക ദിശാബോധവും നേതൃത്വവും നൽകി അദ്ദേഹം ഇനി കമ്പനിയെ നയിക്കും' , സുന്ദർ പിച്ചൈ പറഞ്ഞു.
സെർച്ച് ആൻഡ് ആഡ്‌സ് വിഭാഗത്തിന്‍റെ പുതിയ മേധാവി:
ഗൂഗിളിന്‍റെ സെർച്ച് ആൻഡ് ആഡ്‌സ് വിഭാഗത്തെ നയിക്കുന്നത് നിക്ക് ഫോക്‌സ് ആയിരിക്കും. ഗൂഗിൾ സെർച്ച്, പരസ്യങ്ങൾ, ജിയോ, മറ്റ് വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നത് നിക്ക് ഫോക്‌സ് ആയിരിക്കും.
Also Read: ആൻഡ്രോയ്‌ഡ് ഉപയോക്താക്കളാണോ? ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ്; സൈബർ സുരക്ഷയ്‌ക്കായി ഇങ്ങനെ ചെയ്യുക