ഭൂമിയെ ഭ്രമണം ചെയ്യുന്ന ചന്ദ്രന് കൂട്ടായി ഒരു 'മിനി മൂൺ' കൂടിയെത്തുന്നു. 'ആസ്റ്ററോയിഡ് 2024 പിടി5' എന്ന ഛിന്നഗ്രഹമാണ് ചന്ദ്രന് കൂട്ടായെത്തുന്നത്. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെ ഇത് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തില്‍ ഉണ്ടാകുമെന്നാണ് ശാസ്‌ത്ര ലോകം പറയുന്നത്. ഭൂമിയുടെ സമീപത്ത് കൂടി സഞ്ചരിക്കേണ്ട മിനി മൂണ്‍ ഗുരുത്വാകർഷണത്തിന്‍റെ ഫലമായിട്ടാണ് ചന്ദ്രനൊപ്പം ഭൂമിയെ വലം വയ്‌ക്കുക.
2024 ഓഗസ്റ്റ് 7ന് കണ്ടെത്തിയ ഈ ഛിന്നഗ്രഹത്തിന് ഏകദേശം 10 മീറ്റർ (33 അടി) വ്യാസമാണുള്ളത്. ഏകദേശം രണ്ട് മാസത്തോളം ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തില്‍ നിന്നുകൊണ്ട് ഈ ഛിന്നഗ്രഹം ഭൂമിക്ക് ചുറ്റും വലയം ചെയ്യും. എന്നാല്‍ സാധാരണയായി സൂര്യനെ വലംവയ്‌ക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥം പൂർണമായും പൂർത്തിയാക്കില്ല.
നിയര്‍ എര്‍ത്ത് ഒബ്‌ജെക്‌ട്‌സ് (NEOs) എന്ന പ്രതിഭാസത്തിന്‍റെ ഭാഗമായാണ് ആസ്റ്ററോയിഡ് 2024 പിടി5 പോലെയുള്ള വസ്‌തുക്കള്‍ ഭൂമിക്കരികിലെത്തുന്നത്. ഇത്തരം ഛിന്നഗ്രഹങ്ങള്‍ക്ക് ഭൂമിയോടുള്ള ദൂരക്കുറവും താരതമ്യേന കുറഞ്ഞ വേഗതയുമാണ് ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ സ്വാധീനിക്കപ്പെടാൻ ഇടയാക്കുന്നതെന്ന് അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം വിശദീകരിക്കുന്നു.