ന്യൂഡൽഹി: മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് മാപ്പിങ് നടത്തി ദുരന്തത്തിന്‍റെ വ്യാപ്‌തി കണ്ടെത്തുന്നതിന് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഡൽഹി ഐഐടിയിലെ ഗവേഷകർ. എംഎൽ കാസ്‌കേഡ് (ML-CASCADE) എന്ന സംവിധാനമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് മണ്ണിടിച്ചിലിൻ്റെ വ്യാപ്‌തി വേഗത്തിൽ മാപ്പ് ചെയ്യുന്നതിന് ക്ലൗഡ് കമ്പ്യൂട്ടിങും മെഷീൻ ലേണിങും പ്രയോജനപ്പെടുത്തുന്നതാണ് ഉപകരണത്തിന്‍റെ സാങ്കേതികവിദ്യ.
മണ്ണിടിച്ചിലിൻ്റെ ഏകദേശ തീയതിയും സ്ഥലവും നൽകിയാൽ, പെട്ടന്ന് തന്നെ അതിന്‍റെ വ്യാപ്‌തി മാപ് ചെയ്‌തു തരുമെന്നാണ് പ്രത്യേകത. മണ്ണിടിച്ചിലിന് മുമ്പും ശേഷവുമുള്ള ഡാറ്റകളും ചിത്രങ്ങളും ഞൊടിയിടയിൽ വിശകലനം ചെയ്‌താണ് ഈ സാങ്കേതികവിദ്യ വഴി മാപ്പിങ് സാധ്യമാക്കുന്നത്. ചെറിയ മണ്ണിടിച്ചിലുകൾ ആണെങ്കിൽ വളരെ വേഗത്തിലും, സങ്കീർണമായവ ആണെങ്കിൽ അഞ്ച് മിനിറ്റിനുള്ളിലും മാപ് ചെയ്യാൻ സാധിക്കും. ദുരന്താനന്തര വിലയിരുത്തലുകൾക്ക് നിർണായകമായിരിക്കും ഈ സാങ്കേതികവിദ്യ.
ഐഐടി ഡൽഹിയിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് എംഎൽ കാസ്‌കേഡ് വികസിപ്പിച്ചെടുത്തത്. പിഎച്ച്‌ഡി സ്‌കോളർ നിർദേശ് കുമാർ ശർമ്മയും പ്രൊഫ. മാനബേന്ദ്ര സഹാരിയയും ചേർന്ന് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ 'ലാൻഡ്‌സ്‌ലൈഡ്‌സ് ഓൺ ലാൻഡ്‌സ്‌ലൈഡ്‌സ്' എന്ന അന്താരാഷ്ട്ര കൺസോർഷ്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.