പത്തനംതിട്ട: പന്ത്രണ്ടുകാരിയെ സ്‌കൂളിൽ പോകുംവഴി ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്‌തു. പത്തനാപുരം പാതിരിക്കൽ കുഴിക്കാട് പുത്തൻ വീട്ടിൽ എം എസ് അനസ് (23) ആണ് പിടിയിലായത്.
ഫോണിലൂടെ പരിചയപ്പെട്ടശേഷം, ഇൻസ്റ്റാഗ്രാം സന്ദേശം അയച്ചും, സ്വന്തം നഗ്ന ചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചുകൊടുത്തും പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടും പ്രലോഭിപ്പിച്ചും ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്നവഴി ബൈക്കിൽ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോകുകയായിരുന്നു. രാവിലെ 8.40 ഓടെ സ്‌കൂൾ യൂണിഫോമിലാണ് കുട്ടിയെ ഇയാൾ കൊണ്ടുപോയത്. കായംകുളത്തേക്ക് ആണ് പ്രതി കുട്ടിയെ കൊണ്ടുപോയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാത്രയ്‌ക്കിടയിൽ ലൈംഗിക അതിക്രമം കാട്ടി. തുടർന്ന്,കായംകുളത്ത് ലേക് പാലസിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് ഇന്നലെ തന്നെ കോന്നി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതുപ്രകാരം, കാണാതായതിന് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വേഗത്തിലാക്കിയ അന്വേഷണത്തിൽ ഉടനടി കുട്ടിയെ പൊലീസ് കണ്ടെത്തി. കുട്ടിയുടെ മൊഴിയനുസരിച്ച് യുവാവിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്‌തു.
കാണാതായതുമായി ബന്ധപ്പെട്ട് എടുത്ത കേസിന്‍റെ അന്വേഷണത്തിൽ ഇരുവരും കായംകുളത്തുണ്ടെന്ന വിവരം ലഭിച്ചതിനെതുടർന്ന്, കായംകുളം പൊലീസിന്‍റെ സഹായത്തോടെ ഇവരെ കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിൾ പൊലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്ത് കോന്നിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന്, അറസ്റ്റ് രേഖപ്പെടുത്തി. പ്രാഥമിക നിയമനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.