ന്യൂഡൽഹി:രാജ്യത്തെവിവിധ മേഖലകളെ ശക്തിപ്പെടുത്താൻ എഐ അധിഷ്‌ഠിത സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനൊരുങ്ങി ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം. ഇതിനായി 'ഇന്ത്യ എഐ ഇന്നൊവേഷൻ ചലഞ്ച്' പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നൊവേറ്റർമാർ, സ്റ്റാർട്ടപ്പുകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വിദ്യാർഥികൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരെ ഇന്നോവേഷൻ ചലഞ്ചിൽ പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്തെ വിവിധ മേഖലകളിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് എഐ പരിഹാരങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ എഐ ഇൻഡിപെൻഡൻ്റ് ബിസിനസ് ഡിവിഷൻ (ഐബിഡി) ആണ് ഇന്ത്യ എഐ ഇന്നൊവേഷൻ ചലഞ്ച് പ്രഖ്യാപിച്ചത്. വിജയികൾക്ക് 1 കോടി രൂപയും, ദേശീയതലത്തിൽ അവരുടെ കണ്ടുപിടിത്തങ്ങൾ നടപ്പിലാക്കുന്നതിനുള്ള അവസരവും ലഭിക്കും.
ഏതെല്ലാം മേഖലകളിൽ?
പുതിയ കണ്ടുപിടിത്തങ്ങൾ വഴി രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക പരിവർത്തനം സാധ്യമാക്കാനാകുമെന്നാണ് കരുതുന്നത്. ആരോഗ്യ സംരക്ഷണം, ഭരണം, കൃഷി, പഠന വൈകല്യമുള്ളവർക്ക് സഹായകമാകുന്ന സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ മേഖലയിലെ പ്രശ്‌നങ്ങൾക്കാണ് കേന്ദ്രം ശ്രദ്ധ ചെലുത്തുന്നത്. ആരോഗ്യ മേഖലയിൽ, നേത്രചികിത്സ, രോഗനിർണയം, രോഗി പരിചരണം, എക്‌സ്-റേ ഉപയോഗിച്ച് നേരത്തെ രോഗം നിർണയിക്കൽ അടക്കമുള്ള കാര്യങ്ങളിലാണ് പ്രധാനമായും എഐ പരിഹാരങ്ങൾക്കായി കേന്ദ്രം കാത്തിരിക്കുന്നത്.