ഹൈദരാബാദ്: അതിവേഗ റെയിൽവേ ശൃംഖലയിൽ പ്രവർത്തിക്കുന്ന ട്രെയിനുകളാണ് ബുള്ളറ്റ് ട്രെയിനും വന്ദേ ഭാരതും. എങ്കിലും വേഗതയുടെ കാര്യത്തിലും മറ്റ് സവിശേഷതകളിലും ഈ രണ്ട് ട്രെയിനുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കവെ രണ്ട് മാസത്തിനുള്ളിൽ അത്യാധുനിക സംവിധാനങ്ങളോടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും ആരംഭിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേ നൽകുന്ന വിവരം.
ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിമറിക്കാൻ ശേഷിയുള്ളതായിരിക്കും ബുള്ളറ്റ് ട്രെയിൻ. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ വേഗത ബുള്ളറ്റ് ട്രെയിനിനേക്കാൾ കുറവാണെന്നാണ് നാഷണൽ ഹൈ-സ്‌പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(എൻഎച്ച്എസ്‌ആർസിഎൽ) പറയുന്നത്. ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയുണ്ട്. അതേസമയം വന്ദേ ഭാരത് ട്രെയിനിന് മണിക്കൂറിൽ സഞ്ചരിക്കാനാകുന്നത് 160 കിലോമീറ്റർ വരെ വേഗതയിലാണ്. ദൂരത്തിലും മറ്റ് സവിശേഷതകളുടെ കാര്യത്തിലും രണ്ട് ട്രെയിനുകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം.
വന്ദേ ഭാരതിൻ്റെ സവിശേഷതകൾ:
'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ നിർമിച്ചത്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് വന്ദേ ഭാരത് ട്രെയിൻ രൂപകൽപ്പന ചെയ്‌തത്. ഗുണനിലവാരത്തിൻ്റെയും റൈഡ് ഇൻഡക്‌സിന്‍റെയും കാര്യത്തിൽ 3.2 സ്കോർ നേടിയ ട്രെയിനിന് ആഗോളതലത്തിൽ 2.9 സ്കോർ നേടാനായിട്ടുണ്ട്.
32 ഇഞ്ച് എൽസിഡി ടെലിവിഷനുകൾ, ഡസ്റ്റ് ഫ്രീ പ്യുവർ എയർ കൂളിങ്, സ്വയം പ്രവർത്തിപ്പിക്കുന്ന എഞ്ചിൻ, 360 ഡിഗ്രി തിരിയാൻ കഴിയുന്ന എക്‌സിക്യൂട്ടീവ് കോച്ച് കസേരകൾ എന്നിവയെല്ലാം വന്ദേ ഭാരതിന്‍റെ സവിശേഷതകളാണ്. കൂടാതെ വായു ശുദ്ധീകരണത്തിനായി ഫോട്ടോകാറ്റലിറ്റിക് അൾട്രാ വയലറ്റ് എയർ ഫിൽട്രേഷൻ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ് ഉണ്ടായിരിക്കും. ഇറക്കുമതി ചെയ്യുന്ന ട്രെയിനുകളേക്കാൾ 40% ചെലവ് കുറവാണെന്നതും വന്ദേ ഭാരത് ട്രെയിനിന്‍റെ പ്രത്യേകതയാണ്. വന്ദേ ഭാരത് ട്രെയിനിൻ്റെ ആദ്യ റേക്ക് നിർമ്മിച്ചത് 100 കോടി രൂപ ചെലവിലാണ്. ഇത് പൂർത്തിയാക്കാൻ 18 മാസമെടുത്തിരുന്നു.
ബുള്ളറ്റ് ട്രെയിനിനെ വന്ദേ ഭാരതിൽ നിന്നും വ്യത്യസ്‌തമാക്കുന്നതെന്ത്?
ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഷിൻകാൻസെൻ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിൻ. ഈ ബുള്ളറ്റ് ട്രെയിൻ ആയിരിക്കും മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള അതിവേഗ റെയിൽ ഇടനാഴിയിൽ ഓടുന്നത്. മുംബൈ-അഹമ്മദാബാദ് ഹൈ സ്‌പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ നിർമിക്കുന്നത്.
ഇ 5 സീരീസ് ഷിങ്കൻസന്‍ എന്ന ബുള്ളറ്റ് ട്രെയിൻ 508 കിലോമീറ്റർ നീളമുള്ള റെയിൽ പദ്ധതിയാണ്. ജപ്പാൻ സർക്കാരിന്‍റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ നാഷണൽ ഹൈ സ്‌പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് (എൻഎച്ച്എസ്ആർസിഎൽ) പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിൽ ഒരു ബുള്ളറ്റ് ട്രെയിൻ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണൽ ഹൈ-സ്‌പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(എൻഎച്ച്എസ്‌ആർസിഎൽ) നൽകുന്ന വിവരമനുസരിച്ച് ബുള്ളറ്റ് ട്രെയിനിൽ 800 യാത്രക്കാരെ വരെ കൊണ്ടുപോകാനാകും.
ബുള്ളറ്റ് ട്രെയിൻ പദ്ധതി (എൻഎച്ച്എസ്‌ആർസിഎൽ) ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകൾ (എൻഎച്ച്എസ്‌ആർസിഎൽ) ബുള്ളറ്റ് ട്രെയിനിന്‍റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പദ്ധതി വിജയിച്ചാൽ സീറ്റിങ് കപ്പാസിറ്റി 1250 ആയി ഉയർത്താനും സാധ്യതയുണ്ട്. വിമാനത്തിന് സമാനമായി ബുള്ളറ്റ് ട്രെയിനിൽ എക്‌സിക്യൂട്ടീവ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിങ്ങനെ രണ്ട് ക്ലാസുകൾ ഉണ്ടാകും. ഇക്കോണമി സീറ്റിനേക്കാൾ സൗകര്യങ്ങൾ എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റുകളിൽ ഉണ്ടാകും. ഇക്കോണമിയിൽ 3+2 കോൺഫിഗറേഷനിലും എക്‌സിക്യൂട്ടീവ് ക്ലാസിൽ 2+2 കോൺഫിഗറേഷനിലും സീറ്റുകൾ ലഭ്യമാകും. യാത്രക്കാർക്ക് കൂടുതൽ സുഖകരമായ രീതിയിൽ കറങ്ങുന്ന സീറ്റുകൾ ഉണ്ടാകുമെന്നാണ് വിവരം.
ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി സിൽവാസയിൽ നിർമ്മിച്ച 100 മീറ്റർ നീളമുള്ള സ്റ്റീൽ പാലം (ഇടിവി ഭാരത് ഫയൽ ചിത്രം) ബുള്ളറ്റ് ട്രെയിൻ നിരക്ക് എയർലൈൻ നിരക്കിനേക്കാൾ കുറവായിരിക്കും. രാജധാനി എസി കോച്ചിൽ രണ്ട് ടയറുകളും അനുവദിക്കും. കൂടാതെ ടിവി, ഓട്ടോമാറ്റിക് ഡോറുകൾ, ഉയർന്ന നിലവാരമുള്ള പാൻട്രി വാഷ്‌റൂം, വൈ-ഫൈ, പ്ലാസ്റ്റിക് ബോട്ടിൽ ക്രഷർ മെഷീൻ തുടങ്ങി സൗകര്യങ്ങളും ലഭ്യമാകുമെന്നും എൻഎച്ച്എസ്‌ആർസിഎൽ പറയുന്നു.
കൂടുതൽ വാർത്തകൾക്കായി ഇടിവി ഭാരത് കേരളയുടെ വാട്ട്‌സ്‌ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻഇവിടെ ക്ലിക്ക് ചെയ്യുക
Also Read: വൈഫൈ മുതൽ ഷവർ വരെ; യൂറോപ്യന്‍ ട്രെയിനുകളെ വെല്ലാന്‍ വന്ദേ ഭാരത്, സ്ലീപ്പര്‍ കോച്ചുകള്‍ വരുന്നു