ഹൈദരാബാദ് : സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്‍റെ (AI) സഹായം തേടും. ഇതിലൂടെ സംശയാസ്‌പദമായ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി ബ്ലോക്ക് ചെയ്യാനാകും. ടെലികോം, ഇന്‍റർനെറ്റ് സേവന ദാതാക്കളുമായി അടുത്തിടെ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ അതേ ആയുധം ഉപയോഗിച്ച് കീഴടക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
സിം കാർഡുകൾ നൽകാൻ പ്രത്യേക സംഘങ്ങൾ : അടുത്ത കാലത്തായി സൈബർ കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർധിച്ചുവരുന്നത് സാധാരണക്കാരെ മാത്രമല്ല മറിച്ച് പൊലീസിനെയും ബുദ്ധിമുട്ടിക്കുകയാണ്. ജനങ്ങളെ എത്ര തവണ ബോധവത്‌ക്കരിച്ചാലും ഇത്തരം തട്ടിപ്പുസംഘങ്ങൾ പുതിയ രീതിയിലും പുതിയ മാർഗത്തിലും ചൂഷണം തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും ആളുകളാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് പിന്നില്‍.
ഒരു ഫോൺ കോളിലൂടെ അവർ അക്കൗണ്ടിലെ ആസ്‌തികളെല്ലാം നൊടിയിടയിൽ കൈക്കലാക്കുന്നു. തെറ്റായ വിലാസങ്ങളുള്ള സിം കാർഡുകൾ എടുത്താണ് ഇവർ പണം വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുന്നത്. ഓരോ കുറ്റവാളിയും നൂറുകണക്കിന് സിം കാർഡുകളാണ് വാങ്ങുന്നത്. സിംകാർഡും ബാങ്ക് അക്കൗണ്ടും നൽകാൻ പ്രത്യേകം സംഘങ്ങളുണ്ടെന്നു പറഞ്ഞാൽ അതിശയോക്തിയല്ല.
പൊലീസ് വളരെ കഷ്‌ടപ്പെട്ട് ക്രിമിനലുകളുടെ ലൊക്കേഷൻ കണ്ടെത്തിയാലും അന്യസംസ്ഥാനങ്ങളിലേക്ക് പോയ പ്രതികളെ പിടികൂടാൻ പ്രയാസമാണ്. ഈ പശ്ചാത്തലത്തിൽ കുറ്റവാളികൾ ഉപയോഗിക്കുന്ന സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി അത് റദ്ദാക്കാനായാൽ ഇവരെ കീഴടക്കാമെന്ന് അധികൃതർ കരുതുന്നു.
സിം കാർഡ് ഇല്ലെങ്കിൽ വിളിക്കാനോ ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ പണം മോഷ്‌ടിക്കാനോ കഴിയില്ല. ഇരകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ കുറ്റവാളികളുടെ സിം കാർഡുകൾ തിരിച്ചറിയുന്നത്. ഇതുവരെ 28,610 സിം കാർഡുകൾ ബ്ലോക്ക് ചെയ്യാൻ സൈബർ സെക്യൂരിറ്റി ബ്യൂറോ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്.