ഇടുക്കി: മൂന്നാറിന് അഴകുപകർന്ന് തണുപ്പുകാലം എത്തി(Munnar Climate). കാലം തെറ്റി മഴ പെയ്‌തതിനെ തുടർന്ന് മഞ്ഞുകാലം മൂന്നാറിൽ നിന്ന് ഇതുവരെ മാറിനിൽക്കുകയായിരുന്നു. എന്നാല്‍ അൽപ്പം വൈകിയാണെങ്കിലും മൂന്നാറിലെ കുളിര് തിരികെയെത്തി (Extreme cold in Munnar).
മൂന്നാറിൽ എല്ലാ വർഷവും ഡിസംബർ, ജനുവരി മാസങ്ങളിലാണ് മഞ്ഞുകാലം ആരംഭിക്കുന്നത്. എന്നാൽ ഈ വർഷം കാലാവസ്ഥ വ്യതിയാനം മൂലം ജനുവരി വരെ മഴ പെയ്‌തു. ജനുവരിയിൽ മൂന്നാറിൻ്റെ ഉൾപ്രദേശങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടിട്ടും മഞ്ഞുകാലം തുടങ്ങിയില്ല. കഴിഞ്ഞ രണ്ട് ദിവസം മുൻപ് വരെ മൂന്നാറിൽ അഞ്ച് ഡിഗ്രി വരെയായിരുന്നു താപനില.
എന്നാൽ, ഇപ്പോൾ മൂന്നാറിൻ്റെ ഉൾപ്രദേശമായ ഗുണ്ടുമല, ദേവികുളം തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിൽ കൂടിയ താപനില മൈനസ് ഡിഗ്രിയിലെത്തി. ഇതോടെ തേയിലത്തോട്ടങ്ങളും പുൽമേടുകളും പുലർച്ചെ മഞ്ഞുമൂടിയിരിക്കുകയാണ്. പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്‌ചയാണ്.
അതേസമയം, കുണ്ടള, ലക്കാട്, തെന്മല, ചെന്തുറൈ, ലക്ഷ്‌മി തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിൽ ഇന്നലെ കടുത്ത തണുപ്പ് അനുഭവപ്പെട്ടു. മൂന്നാർ നഗർ, കണ്ണിമല, ചൊക്കനാട്, പാമ്പാട് ഒയാസിസ്, ലക്ഷ്‌മി തുടങ്ങിയ സ്ഥലങ്ങളിൽ മൈനസ് 4 ഡിഗ്രിയായിരുന്നു താപനില. തണുപ്പ് കൂടിയതിനാൽ വരും ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.