പത്തനംതിട്ട:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പെരുനാട് മേഖല പ്രസിഡൻ്റ് ജോയല്‍ തോമസ്, മൂഴിയാര്‍ സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരന്‍ തോട്ടമണ്‍പാറ സ്വദേശിയായ മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത് (Rape Case Arrest Pathanamthitta).
2021 ജൂണ്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പിതാവ് ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയുടെ മാതാവ് വിദേശത്താണ്. അതുകൊണ്ട് അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ശരീര അസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി നിരന്തരം സ്‌കൂളില്‍ പോകാതിരുന്നതോടെ ബന്ധുക്കളും അധ്യാപകരും ചേര്‍ന്ന് കൗണ്‍സലിങ്ങിന് എത്തിച്ചു. കൗണ്‍സലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.
തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ വണ്‍ സ്‌റ്റോപ്പ് സെന്‍ററിലേക്ക് മാറ്റി വീണ്ടും കൗണ്‍സലിങ്ങിന് വിധേയയാക്കി. ഇതോടെയാണ് പീഡനത്തിനിരയാക്കിയവരെ കുറിച്ച് കുട്ടി കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. പ്രതികളുടെ പേരും ഫോണ്‍ നമ്പറും അവരുടെ സോഷ്യല്‍ മീഡിയ ഐഡികളുമെല്ലാം കുട്ടി നല്‍കി (POCSO Case In Pathanamthitta).