തൃശൂർ:തേക്കിൻകാട് മൈതാനിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം തേടി പൊലീസ്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളാണ് പൊലീസ് കസ്‌റ്റഡിയിലുള്ളത്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളും മുമ്പും ക്രിമിനൽ പശ്ചാത്തലുള്ളവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മുമ്പ് ഇവർക്കെതിരെ സ്വഭാവ ദൂഷ്യത്തിന്‍റെ പേരിൽ പരാതികൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രായത്തിന്‍റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയായിരുന്നു.
സഹപാഠിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പ്രതിയായ 14കാരനെ വില്ലടം സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഇയാളുടെ പിതാവ് രണ്ട് വർഷം മുമ്പ് പറവട്ടാനിയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ മുൻ വൈരാഗ്യം ഇല്ലെന്നും പ്രതികളായ കുട്ടികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പിക്കാൻ വൈദ്യപരിശോധനയും പൊലീസ് നടത്തി. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ചത് 14 കാരന്‍റെ കത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.