തിരുവനന്തപുരം : മെഡിക്കല്‍ ഫാര്‍മസിയുടെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തിയ സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍. നെടുമങ്ങാട് തെക്കുംകര മുളവന്‍കോട് വാടയില്‍ നാസറിൻ്റെ മകന്‍ ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്.
നെടുമങ്ങാട് ജില്ല ഹോസ്‌പിറ്റലിനു എതിര്‍വശം കുറക്കോട് വി കെയര്‍ ഫാര്‍മസി എന്ന് സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെത്തി. ചെറിയ അളവില്‍ എംഡിഎംഎയുമായി ഇന്ന് (ജൂൺ 4) രാവിലെ പിടികൂടിയാളെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഫാര്‍മസി വഴി വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് എക്‌സൈസ് സംഘം ഫാർമസിയിലെത്തി റെയ്‌ഡ് നടത്തി. ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്നും ഒന്നര ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. വാടയില്‍ നാസര്‍ ഇത്തരം ഫാര്‍മസികള്‍ നടത്തുന്നത് പല ലൈസന്‍സികളുടെയും പേരിലാണ്.