തിരുവനന്തപുരം: ഉത്സവ സീസണുകളില്‍ മദ്യമില്ലാതെ മലയാളിക്കെന്താഘോഷം എന്നത് പറഞ്ഞു പഴകിയ ഒരു ചൊല്ലായി മാറിയിട്ടുണ്ട് ഇന്ന് കേരളത്തില്‍. ഓണത്തിനും ക്രിസ്‌മസിനും ന്യൂ ഇയറിനുമെല്ലാം മലയാളികളുടെ മദ്യ ഉപഭോഗത്തിലുണ്ടാകുന്ന വര്‍ധനയിലൂടെ നികുതി ഇനത്തില്‍ ഖജനാവിലേക്ക് എത്തുന്നത് കോടികളാണ്. മദ്യ വില്‍പനയില്‍ നിന്നു പിരിച്ചെടുക്കുന്ന പ്രളയ സെസ് വേറെയും. ഇങ്ങനെയൊക്കെ ആണെങ്കിലും വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്ന മദ്യ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് സംസ്ഥാനത്ത് മദ്യ വില്‍പനയുടെ കുത്തകയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ അഥവാ ബെവ്കോ.
മദ്യപര്‍ക്കു പ്രിയം എംസി ബ്രാന്‍ഡി
2024ല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കുടിച്ചു തീര്‍ത്തത് എംസി ബ്രാന്‍ഡിയെന്ന് ബെവ്‌കോ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലാണ് എംസി ബ്രാന്‍ഡി മറ്റെല്ലാ ബ്രാന്‍ഡുകളെയും പിന്നിലാക്കി മുന്നിലെത്തിയത്. 2024 ഏപ്രില്‍ ഒന്ന് മുതല്‍ ഡിസംബര്‍ 17 വരെയുള്ള കണക്കുകളാണിത്.
80,000 മുതല്‍ ഒരു ലക്ഷം കെയ്‌സ് വരെ എംസി ഇന്ത്യന്‍ ബ്രാന്‍ഡിയാണ് ഓരോ ജില്ലയിലും ഇക്കാലയളവില്‍ വിറ്റഴിച്ചത്. സംസ്ഥാനമാകെ 13,706 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു എന്നും ബെവ്കോ ഓപ്പറേഷന്‍സ് മാനേജര്‍ മധു ഇടിവി ഭാരതിനോട് പറഞ്ഞു. ലക്ഷദ്വീപിലേക്ക് തൃപ്പൂണിത്തറ വെയര്‍ഹൗസില്‍ നിന്നും 21 ലക്ഷം രൂപ വില വരുന്ന 267 കെയ്‌സ് മദ്യമാണ് കയറ്റി അയച്ചത്.
ഇതില്‍ 80 ശതമാനവും ബിയറാണ്. ഒരു കെയ്‌സില്‍ 750 മില്ലിയുടെ 12 കുപ്പികളുണ്ടാകും. തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് എംസി സെലിബ്രേഷന്‍ റം ആണ്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓള്‍ഡ് പോര്‍ട്ട് ഡീലക്‌സ് റമ്മാണ് വിപണി കീഴടക്കിയത്.
ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബ്രാന്‍ഡുകള്‍
- തിരുവനന്തപുരം - എം സി സെലിബ്രേഷന്‍ ലക്ഷ്വറി റം
- കൊല്ലം - ഓള്‍ഡ് പോര്‍ട്ട് ഡീലക്‌സ് റം
- പത്തനംതിട്ട - ഓള്‍ഡ് പോര്‍ട്ട് ഡീലക്‌സ് റം
- ആലപ്പുഴ - മലബാര്‍ ഹൗസ് പ്രീമിയം ട്രിപ്പിള്‍ എക്‌സ് റം
- കോട്ടയം - ഹണി ബീ ബ്രാന്‍ഡി
- ഇടുക്കി - ജവാന്‍ ട്രിപ്പിള്‍ എക്‌സ് റം
- തൃശൂര്‍ - ഹണി ബീ ബ്രാന്‍ഡി
- മറ്റു ജില്ലകളില്‍ - എംസി ബ്രാന്‍ഡി.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം.