നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.20 ഓടെയായിരുന്നു അന്ത്യം. മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു മീന ഗണേഷ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് നടക്കും.
വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ച് നാളായി അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു നടി. 200 ഓളം മലയാള സിനിമകളിലും 25 ഓളം സീരിയലുകളിലും 20 ഓളം നാടകങ്ങളിലും അഭിനയിച്ചുണ്ട്.
1942ല്‍ പാലക്കാടായിരുന്നു ജനനം. 19-ാം വയസ്സില്‍ ആദ്യ നാടകത്തില്‍ അഭിനയിച്ചു. കായംകുളം കേരള തിയേറ്റേഴ്‌സ്, എസ്‌എല്‍ പുരം സൂര്യ സോമ, തൃശൂര്‍ ചിന്‍മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളില്‍ അഭിനയിച്ച് നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട് നടി.
1976ല്‍ റിലീസ് ചെയ്‌ത പി.എ ബക്കറിന്‍റെ 'മണിമുഴക്കം' ആണ് ആദ്യ ചിത്രം. 1991ല്‍ പുറത്തിറങ്ങിയ 'മുഖചിത്രം' എന്ന സിനിമയില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ ശ്രദ്ധേയമാവുന്നത്.
'വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും', 'കരുമാടിക്കുട്ടന്‍', 'വാല്‍ക്കണ്ണാടി', 'നന്ദനം', 'മീശമാധവന്‍', 'സെല്ലുലോയ്‌ഡ്', 'അമ്മക്കിളിക്കൂട്', 'തലയണമന്ത്രം', 'ഉത്സവമേളം', 'വലയം', 'ഗോളാന്തരവാര്‍ത്ത', 'ഭൂമിഗീതം', 'പിന്‍ഗാമി', 'പിടക്കോഴി കൂവുന്ന നാട്ടില്‍', 'സന്താനഗോപാലം', 'അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്', 'ഹാര്‍ബര്‍', 'കുടുംബകോടതി', 'ഈ പുഴയും കടന്ന്', 'കളിയൂഞ്ഞാല്‍', 'മീനത്തില്‍ താലിക്കെട്ട്', 'മൈ ഡിയര്‍ കരടി', 'ഫ്രീഡം', 'മാണിക്യന്‍', 'ദി റിപ്പോര്‍ട്ടര്‍', 'പാതിരാകാട്ട്' തുടങ്ങീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്.
തമിഴ് സിനിമ നടന്‍ കെപി കേശവന്‍റെ മകളാണ് മീന. കുട്ടിക്കാലത്ത് ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടക രംഗത്തെത്തുന്നത്. തുടര്‍ന്ന് നാടകത്തില്‍ സജീവമാവുകയും സേലം, ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങില്‍ മലയാളി സമാജങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തു.
പ്രശസ്‌ത നാടക രചയിതാവും സംവിധായകനും നടനുമായ എ.എന്‍ ഗണേശിന്‍റെ ഭാര്യയാണ് മീന. 1971ലായിരുന്നു വിവാഹം. സീരിയല്‍ സംവിധായകന്‍ മനോജ് ഗണേഷ്, സംഗീത എന്നിവര്‍ മക്കളാണ്.
വിവാഹ ശേഷം മീനയും ഗണേഷും ചേര്‍ന്ന് പൗര്‍ണ്ണമി കലാമന്ദിര്‍ എന്ന പേരില്‍ ഷൊര്‍ണ്ണൂരില്‍ ഒരു നാടക സമിതി തുടങ്ങിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ട്രൂപ്പ് പിരിച്ച് വിട്ടു.