ന്യൂഡൽഹി : ഡൽഹിയില്‍ വീണ്ടും വായു മലിനീകരണം രൂക്ഷമാകുന്നു. എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 450 കടന്ന് 'സിവിയർ പ്ലസ്' വിഭാഗത്തിലാണ് നില്‍ക്കുന്നത്. ചൊവ്വാഴ്‌ച 442 ആയിരുന്നു എക്യുഐ.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ (സിപിസിബി) സമീർ ആപ്പ് പ്രകാരം, നെഹ്‌റു നഗർ (485), വസീർപൂർ (482) എന്നിവയാണ് വായു മലിനീകരണം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ. തൊട്ടുപിന്നിൽ രോഹിണി (478), ആനന്ദ് വിഹാർ (478), പഞ്ചാബി ബാഗ് (475) എന്നിവയാണ്. പകൽ മുഴുവൻ കട്ടിയുള്ള മൂടൽമഞ്ഞ് നഗരത്തില്‍ നിറയും. മലിനീകരണം മൂലം ഡൽഹി നിവാസികള്‍ പലവിധ അസ്വസ്ഥതകളാല്‍ വലയുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഡിസംബർ ആദ്യ പകുതിയിൽ, വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 15 - 20 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശിയിരുന്നു. ഈ കാറ്റ് മലിനീകരണം ചെറിയ തോതില്‍ കുറയ്ക്കാന്‍ കാരണമായി. എക്യുഐ മിതമായ തോതിലായി. എന്നാല്‍ ഒരു പുതിയ വെസ്‌റ്റേണ്‍ ഡിസ്‌റ്റര്‍ബന്‍സ് പടിഞ്ഞാറൻ ഹിമാലയത്തെ സമീപിച്ചു.
ഇത് മധ്യ പാകിസ്ഥാനിലും പഞ്ചാബിന്‍റെ സമീപ ഭാഗങ്ങളിലും ചുഴലിക്കാറ്റിന് കാരണമായി. തൽഫലമായി, കാറ്റിന്‍റെ വേഗത കുറഞ്ഞു, ദിശ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മാറി. കാറ്റിന്‍റെ വേഗത, കുറഞ്ഞ താപനില, വർധിച്ച ഈർപ്പം എന്നിവയാണ് ഡല്‍ഹിയിലെ മൂടൽമഞ്ഞിന് രൂപീകരണത്തിന് കാരണമാകുന്നത്.
പുക കണങ്ങൾ, പൊടി, മറ്റ് ദോഷകരമായ വാതകങ്ങൾ ഇപ്പോൾ മൂടൽമഞ്ഞിൽ കുടുങ്ങി. ഇതാണ് പുകമഞ്ഞ് സൃഷ്‌ടിക്കുന്നത്.' - സ്കൈമെറ്റ് വൈസ് പ്രസിഡന്‍റ് മഹേഷ് പലാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
ബുധനാഴ്‌ച ഡൽഹിയിലെ കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സീസണൽ ശരാശരിയേക്കാൾ അല്‌പം കൂടുതലാണ്. അതേസമയം കുറഞ്ഞ താപനില 7.6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിലും താഴെയാണ്.
അതേസമയം, ദേശീയ തലസ്ഥാനം ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ (GRAP) സ്റ്റേജ്-IV-ന് കീഴിൽ തുടരുകയാണ്. നിർമാണ പ്രവർത്തനങ്ങളുടെ നിരോധനവും അനിവാര്യമല്ലാത്ത ട്രക്കുകളുടെ പ്രവേശനം തടയലും തുടങ്ങി കര്‍ശന മലിനീകരണ വിരുദ്ധ നടപടികല്‍ ഗ്രാപ് IV ല്‍ തുടരും.
ഡൽഹി-എൻസിആറിലെ സ്‌കൂളുകളില്‍ 6 മുതല്‍ 9 വരെയും 11 ക്ലാസിനും ഹൈബ്രിഡ് പഠന രീതിയാണ് നിലവില്‍. അതേസമയം 10, 12 ക്ലാസുകളിലെ വിദ്യാർഥികൾ വ്യക്തിഗത ക്ലാസുകളിൽ പങ്കെടുക്കണം.
എക്യുഐ ലെവല്‍ നാനൂറോ അതിന് മുകളിലോ ആയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. അതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദഗ്‌ധർ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: കാർഷിക മാലിന്യങ്ങള്‍ കത്തിച്ചാല്‍ ഇനി കനത്ത പിഴ; നടപടി കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ