പത്തനംതിട്ട: അടൂർ പഴകുളം സ്വദേശി വിഷ്‌ണുവിന്‍റെ (27) ആത്മഹത്യയിൽ സിഐയോട് റിപ്പോർട്ട് തേടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനത്തെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ 17 ന് രാവിലെ 10 മണിയോടെ വിഷ്‌ണുവിൻ്റെ അയൽവാസി സനു എന്ന യുവാവിനെ 10 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പഴകുളം ഭാഗത്ത് നിന്ന് പിടികൂടിയിരുന്നു.
അടൂർ എക്സെസ് ഇൻസ്‌പെക്‌ടർ അരുൺ അശോകിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സനുവിനെ പിടി കുടിയത്. ഇതേപ്പറ്റി അന്വേഷിക്കാൻ വിഷ്‌ണുവിൻ്റെ വീട്ടിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ചതിൽ മനംനൊന്താണ് വിഷ്‌ണു ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിൽ വച്ച് എക്സൈസ് ഉദ്യോഗസ്ഥർ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വിഷ്‌ണുവിനെ മർദിച്ചതായാണ് ആരോപണം.
വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന തൻ്റെ മകനെ വിളിച്ചെഴുന്നേൽപ്പിച്ച് എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ചതായി വിഷ്‌ണുവിൻ്റെ മാതാവ് ഉഷ പറഞ്ഞു. ഇനി നാണക്കേട് കൊണ്ട് ജീവിക്കാൻ കഴിയില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും വിഷ്‌ണു പറഞ്ഞതായും മാതാവ് ഉഷയും ബന്ധു പുഷ്‌പയും പറഞ്ഞു. സംഭവത്തിൽ പറക്കോട് എക്സൈസ് സിഐയോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി റോബർട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക