കോഴിക്കോട് : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസിനടിയിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. നന്മണ്ട സ്വദേശി എ. ബിജോയ് (39) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.
ബാലുശ്ശേരി- കോഴിക്കോട് പാതയ്ക്കിടയിൽ കാക്കൂർ പതിനൊന്നെ രണ്ടിൽ വെച്ചാണ് അപകടമുണ്ടായത്. നന്മണ്ടയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബിജോയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബിജോയ് പിന്നാലെ വന്ന ബസിന്‍റെ അടിയിലേക്ക് തെറിച്ച് വീണ് ദേഹത്ത് ബസ് കയറി ഇറങ്ങി തൽക്ഷണം മരണവും സംഭവിക്കുകയായിരുന്നു.
നന്മണ്ട അമ്മോമ്മലത്ത് പരേതനായ വാസുവിൻ്റെയും വസന്ത അമ്മയുടെയും മകനാണ് ബിജോയ്. ഷിജി, സുബീഷ് എന്നിവർ സഹോദരങ്ങളാണ് സി.പി.എം.നോർത്ത് ലോക്കൽ കമ്മറ്റി അംഗവും, കെ.എസ്.കെ.ടി.യു. നന്മണ്ട വില്ലേജ് സെക്രട്ടറിയുമാണ് മരിച്ച ബിജോയ്.
ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്:ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് - വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ആംബുലന്‍സും എതിരെ പോവുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
ആംബുലന്‍സുമായി കൂട്ടി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്‍റെയും മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെ തുടർന്ന് അല്‌പനേരം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
തുടർന്ന് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.