തൃശൂര്‍: പെട്രോളിനും ഡീസലിനും വില കൂടുന്ന വാർത്തകൾ ഒന്നും ചെറുതുരുത്തി നെടുമ്പുര സ്വദേശി 34 കാരൻ ആരിഫിന് വിഷയമല്ല. ഒരു പതിറ്റാണ്ടിലധികമായി കിടിലൻ കാളവണ്ടിയിലാണ് യുവാവിൻ്റെയും കുടുംബത്തിന്‍റെയും യാത്ര. പൂരം, കല്യാണം, വിനോദ സഞ്ചാരം എന്നിവയെല്ലാം കാളവണ്ടിയിൽ തന്നെ. അൽപം പരുത്തിക്കുരുവും പിണ്ണാക്കും മുതിരയും കാടിവെള്ളവും മാത്രമാണ് വണ്ടിയുടെ ഇന്ധനം. അൺലിമിറ്റഡ് മൈലേജും സൂപ്പർ പെർഫോമൻസും ഉറപ്പാണെന്നാണ് യുവാവിന്‍റെ രസകരമായ ഭാഷ്യം.
കെട്ടിട നിർമ്മാണ തൊഴിലാളിയായ ആരിഫിന് കുഞ്ഞുനാൾ മുതൽ കാളവണ്ടി എന്നാൽ ജീവനാണ്. പിതാവ് പരേതനായ മുഹമ്മദിനും അങ്ങനെ തന്നെയായിരുന്നു. യുവാവിന്‍റെ കുട്ടിക്കാലത്തും വീട്ടിൽ കാളവണ്ടിയുണ്ടായിരുന്നു. പിതാവിൽ നിന്ന് കൈമാറി കിട്ടിയ കാളവണ്ടി 12 വർഷമായി ആരിഫാണ് പരിപാലിക്കുന്നത്. ഭാര്യ ഷാജിതക്കും മക്കളായ ആദിയ, ഹാദിയ, ഹയ എന്നിവർക്കെല്ലാം കാളവണ്ടി യാത്ര ഏറെ ഇഷ്‌ടമാണെന്ന് യുവാവ് പറയുന്നു.