കണ്ണൂര്‍ : ദേശീയ പാതയിലെ മാഹിപാലത്തിന്‍റെ അറ്റകുറ്റപണി നീളുന്നത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നതായി ആക്ഷേപം. വടക്കന്‍ കേരളത്തില്‍ നിന്നും ഉത്തര-ദക്ഷിണ കര്‍ണാടകയില്‍ നിന്നും ദക്ഷിണ കേരളത്തിലേക്ക് ബന്ധപ്പെടാനുള്ള പ്രധാന പാതയാണിത്. ഏറെക്കാലം ശോച്യാവസ്ഥയിലായ പാലത്തിന്‍റെ അറ്റകുറ്റപണി കഴിഞ്ഞ ഏപ്രില്‍ 28 നാണ് ആരംഭിച്ചത്. അന്ന് മുതല്‍ 12 ദിവസത്തേക്ക് പാലം അടച്ചിടാനാണ് തീരുമാനിച്ചത്.
പാലത്തിന്‍റെ ശോച്യാവസ്ഥ കണക്കിലെടുത്ത് ജനങ്ങളും ഈ തീരുമാനം അംഗീകരിച്ചു. എന്നാല്‍ പന്ത്രണ്ട് ദിവസം കഴിഞ്ഞും പാലത്തിന്‍റെ പണി പൂര്‍ത്തിയായില്ല. പുതിയ പ്രഖ്യാപനം ഈ മാസം 19 വരെ പാലം അടച്ചിടുമെന്നാണ്. എന്നാല്‍ ഇതിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ജനങ്ങളുടെ തീരുമാനം.
പാലത്തിന്‍റെ രണ്ട് കരകളിലുമായി യാത്രകള്‍ അവസാനിപ്പിക്കേണ്ടി വരുന്നു. കൊടും ചൂടില്‍ പാലത്തിലൂടെ നടന്ന് ഇരുകരകളിലും എത്തുന്നത് ദുസഹമായ കാഴ്‌ചയുമാണ്. യാതൊരു മുന്‍ ധാരണയുമില്ലാതെ പാലത്തിന്‍റെ പണി ആരംഭിച്ചതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത് എന്നാണ് ആക്ഷേപം. ടാറിങ് പൂര്‍ണമായും അടര്‍ത്തി മാറ്റി പഴയ എക്‌സ്‌പാന്‍ഷന്‍ ജോയിന്‍റ് എടുത്ത് മാറ്റി പുതിയത് സ്ഥാപിക്കുന്ന പണിയാണ് നടന്നത്.