Women' s Joined In Kerala Fire Force കോട്ടയം:കോട്ടയം ഫയർ സ്‌റ്റേഷനിൽ അഗ്നിശമന സേനാംഗങ്ങളായി രണ്ടു വനിതകൾ നിയമിതരായി. കോട്ടയം പാമ്പാടി സ്വദേശിനി അപർണ കൃഷ്‌ണൻ, പുതുപ്പള്ളി സ്വദേശിനി ഗീതുമോൾ എന്നിവരാണ് ഫയർ സ്‌റ്റേഷനിലെ പുതിയ അംഗങ്ങൾ. മുന്നാമത്തെ ആളായ അനുമോൾ ഈ മാസം തന്നെ ജോയിൻ ചെയ്യും.
മറ്റ് സേനാ വിഭാഗങ്ങളിൽ വനിതകളുടെ പങ്കാളിത്തം ഉണ്ടെങ്കിലും ഫയർ ആൻ്റ് റെസ്ക്യു മേഖലയിൽ അത് ഉണ്ടായിരുന്നില്ല. ഒന്നാം പിണറായി സർക്കാർ ഇക്കാര്യത്തിൽ എടുത്ത തീരുമാനത്തെത്തുടർന്ന് അഗ്നിശമന സേനയിൽ വനിതകളെ നിയമിച്ചു. കോട്ടയം ജില്ലയിൽ മൂന്നു പേരെയാണ് ജില്ലാ അഗ്നിശമന കേന്ദ്രത്തിലേക്ക് നിയമിച്ചത്.
അഗ്നിശമന മേഖലയിലെ ജോലിയിലൂടെ സമൂഹം നമ്മളെ ഏറ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സ്ത്രീയെന്ന നിലയിൽ ഇത് ഏറെ പ്രചോദനം നൽകുന്നുവെന്നും വനിത അംഗം അപർണ കൃഷ്‌ണൻ പറഞ്ഞു. സ്‌കൂബ, മലകയറ്റം, ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം എന്നിവയിൽ ഉണ്ടായ താത്പര്യമാണ് ഈ മേഖല തെരഞ്ഞെടുക്കാൻ ഇടയാക്കിയത് എന്ന് ഗീതുമോൾ പറഞ്ഞു.
ആറുമാസത്തെ പരിശീലനം പൂർത്തിയാക്കി ഇവിടെയെത്തിയ ഇവർക്ക് ഇനി സ്‌റ്റേഷൻ ട്രെയിനിങ് നൽകും. ചാർജെടുത്ത ശേഷം ഒരിടത്ത് മാത്രമാണ് തീപിടുത്തെ തുടർന്ന് ഇവർ ജോലി ചെയ്‌തത്. രാത്രി 1 മണിക്ക് നടന്ന തീപിടുത്തത്തിലാണ് പുതിയതായി എത്തിയ ഇവരും തീയണക്കാൻ പങ്കാളികളായത്. ഫയർ സ്‌റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരും ഇവർക്ക് നല്ല പിന്തുണ നൽകുന്നുണ്ട്.
Also Read: ദുരന്തമുഖത്ത് രക്ഷകരാകാൻ ഇനി പെൺപടയും; ഫയർ ഫോഴ്‌സ് അക്കാദമിയിൽ പരിശീലനത്തിനൊരുങ്ങുന്നത് 15 വനിതകൾ