തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി ബസിൽ പിറന്ന കുഞ്ഞിന് മാതാപിതാക്കൾ 'അമല' എന്ന് പേരിട്ടു. അമല ആശുപത്രിയിലെ ഡോക്‌ടർമാരും നഴ്‌സുമാരും ചേർന്ന് പ്രസവം എടുക്കുകയും ശുശ്രൂഷിക്കുകയും ചെയ്‌തതിന്‍റെ ഓർമയ്ക്കായാണ് പെൺകുട്ടിക്ക് മാതാപിതാക്കൾ അമലയെന്ന പേര് നൽകിയത്. ആശുപ്രതിയിലെ ചികിത്സയ്ക്കു ശേഷം കുഞ്ഞുമായി ദമ്പതികൾ ഇന്നലെ നാട്ടിലേയ്ക്ക് മടങ്ങി.
അമല ആശുപത്രിയിലെ ഇരുവരുടെയും ചികിത്സ പൂർണമായും സൗജന്യമായിരുന്നു. ആശുപത്രിയിൽ നിന്ന് ലഭിച്ച സ്നേഹവും പരിചരണവും മറക്കാന്‍ ആവാത്തതാണെന്നും അതിനാലാണ് ആശുപത്രിയുടെ പേര് തന്നെ മകൾക്ക് നൽകിയതെന്നും മാതാവ് പറഞ്ഞു. അമല ആശുപത്രിയിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ ആശുപത്രിയുടെ സ്നേഹോപഹാരം ഡയറക്‌ടർ ഫാ.ജൂലിയസ് അറയ്ക്കൽ കൈമാറി.